തിങ്കളാഴ്ച പടിഞ്ഞാറന്‍ കാനഡയിലെ മാസ്‌ക്വാസിസില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തദ്ദേശീയരോട് ചെയ്ത തിന്മയ്ക്ക് ക്ഷമ യാചിച്ചപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ ഒരു വലിയ വികാരതരംഗം ഉടലെടുത്തു. എമിന്‍സ്‌കിന്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് നടന്ന ചടങ്ങില്‍ ചിലര്‍ കണ്ണീരണിഞ്ഞു, ചിലര്‍ കത്തോലിക്കാ സഭയേയും മാര്‍പാപ്പയേയും അഭിനന്ദിച്ചു.
പതിനായിരക്കണക്കിന് ആളുകളുടെ തദ്ദേശീയ സ്വത്വത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു സംവിധാനത്തിന്റെ ഭാഗമായിരുന്ന കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ പതിറ്റാണ്ടുകളായി കുട്ടികള്‍ക്കെതിരായി നടന്ന അതിക്രമങ്ങളും വിവേചനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അവരെയെല്ലാം ബാധിച്ചിരുന്നു.
‘ആദിമ ജനതയ്ക്കെതിരെ നിരവധി ക്രിസ്ത്യാനികള്‍ ചെയ്ത തിന്മയ്ക്ക് ഞാന്‍ വിനയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിക്കണം’ എന്നാണ് 85 കാരനായ പാപ്പാ ക്ഷമ യാചിച്ചുകൊണ്ട് പറഞ്ഞത്.
തദ്ദേശീയ ജനങ്ങളില്‍ ഭൂരിഭാഗവും വളരെക്കാലമായി ഇത് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ‘ഈ ക്ഷമാപണത്തിനായി ഞാന്‍ 50 വര്‍ഷം കാത്തിരുന്നു. അവസാനം ഇന്ന് ഞാന്‍ അത് കേട്ടു’. എവ്ലിന്‍ കോര്‍ക്മാസ് എന്ന മുന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പറഞ്ഞു.
പാപ്പായുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, തദ്ദേശിയരിലെ പ്രധാനികളിലൊരാള്‍ അദ്ദേഹത്തിന് പരമ്പരാഗത ശിരോവസ്ത്രം നല്‍കി. ശേഷം ഒരു സ്ത്രീ ഒറ്റയ്ക്ക് കനേഡിയന്‍ ഗാനം ആലപിക്കാന്‍ എഴുന്നേറ്റു നിന്നു. അവളുടെ മുഖത്ത് നിന്ന കണ്ണുനീര്‍ ഒലിച്ചിറങ്ങി.
റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ച അല്‍മ ഡെസ്ഗാര്‍ലസിന്റെ കരങ്ങളില്‍ പാപ്പാ ചുംബിച്ചു. ‘ഇന്നത്തെ ദിവസം എത്ര പ്രധാനമാണെന്ന് വാക്കുകള്‍ക്ക് വിവരിക്കാനാവില്ല’. മാസ്‌ക്വാസിസ് റിസര്‍വേഷന്‍ മേധാവികളിലൊരാളായ വെര്‍നണ്‍ സാഡില്‍ബാക്ക് പറഞ്ഞു.
ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എട്ട് വര്‍ഷം ചെലവഴിച്ച ഐറിന്‍ ലീനിംഗ് മസ്‌കോവെക്വാന്‍, അയല്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് തന്റെ കുട്ടികളുമായി മാസ്‌ക്വാസിസില്‍ വന്നിരുന്നു. മാര്‍പാപ്പയുടെ ക്ഷമാപണത്തിലൂടെ അതിജീവിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമാധാനവും രോഗശാന്തിയും കണ്ടെത്താനാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
കോര്‍ക്മാസ് എന്ന സ്ത്രീ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നാല് വര്‍ഷം ചെലവഴിച്ചയാളാണ്. ‘അതിജീവിച്ച ഒരാളെന്ന നിലയില്‍ ഇത് എനിക്ക് വളരെ വൈകാരികമായ ദിവസമായിരുന്നു’. അവള്‍ പറഞ്ഞു.
19ാം നൂറ്റാണ്ടു മുതല്‍ 1970 വരെ കനേഡിയന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെയാണു റെസിഡന്‍ഷല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒന്നര ലക്ഷത്തോളം തദ്ദേശ കുട്ടികളെ കുടുംബത്തില്‍നിന്ന് അകറ്റി റെസിഡന്‍ഷല്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്‌കാരത്തില്‍നിന്ന് അവരെ മാറ്റിയെടുത്തതും പിന്നീടു വിവാദമായി. 139 റെസിഡന്‍ഷല്‍ സ്‌കൂളുകളില്‍ 66 എണ്ണമാണു കത്തോലിക്കാ സഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചത്.
ആറു ദിവസത്തെ സന്ദര്‍ശനത്തില്‍ ആല്‍ബര്‍ട്ട, ക്യുബെക്, നുനാവ്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും തദ്ദേശവാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നാസിഭരണകാലത്തെ ജൂതകൂട്ടക്കൊലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പുപറഞ്ഞിരുന്നു.