ഇന്ത്യന്‍ സ്ത്രീകള്‍ തൊഴില്‍ വിപണിയില്‍ വിവേചനം നേരിടുന്നതായും ഒരേ യോഗ്യതകളും അനുഭവപരിചയവും ഉള്ളവരാണെങ്കില്‍പ്പോലും പുരുഷന്‍മാരേക്കാള്‍ കുറഞ്ഞ വരുമാനമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും വെളിപ്പെടുത്തി ഓക്‌സ്ഫാം ഇന്ത്യയുടെ വിവേചന റിപ്പോര്‍ട്ട് 2022. സ്ത്രീകളുടെ കുറഞ്ഞ വേതനത്തിന് കാരണം, ‘സാമൂഹികവും തൊഴിലുടമകളുടെ മുന്‍വിധികളും’ മാണെന്ന് റിപ്പോര്‍ട്ടില്‍ സ്ഥാപിക്കുന്നു.
മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും തൊഴില്‍ വിപണിയില്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ജാതിവ്യവസ്ഥയുടെ താഴെത്തട്ടിലുള്ളവരും ഗോത്രവര്‍ഗക്കാരും ചില സമുദായങ്ങളിലെ അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
‘തൊഴില്‍ വിപണിയിലെ വിവേചനം എന്നത് ഒരേ കഴിവുള്ള ആളുകളെ അവരുടെ വ്യക്തിത്വമോ സാമൂഹിക പശ്ചാത്തലമോ കാരണം വ്യത്യസ്തമായി പരിഗണിക്കുന്നതാണ്’ എന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സിഇഒ അമിതാഭ് ബെഹാര്‍ പറഞ്ഞു. ‘സ്ത്രീകള്‍ക്കും മറ്റ് സാമൂഹിക വിഭാഗങ്ങള്‍ക്കുമുള്ള അസമത്വം വിദ്യാഭ്യാസത്തിലോ പ്രവൃത്തി പരിചയത്തിലോ ഉള്ള കുറവ് കൊണ്ട് മാത്രമല്ല, വിവേചനം മൂലമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004 മുതല്‍ 2020 വരെ വിവിധ സാമൂഹിക ഗ്രൂപ്പുകള്‍ക്കിടയിലെ ജോലി, വേതനം, ആരോഗ്യം, കാര്‍ഷിക വായ്പയുടെ ലഭ്യത എന്നിവയെക്കുറിച്ചുള്ള സര്‍ക്കാര്‍ ഡാറ്റ പരിശോധിച്ചും വിവേചനം അളക്കാനുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃകകള്‍ ഉപയോഗിച്ചുമാണ് ഓക്സ്ഫാമിലെ ഗവേഷകര്‍ പഠനം നടത്തിയത്.
ഓരോ മാസവും പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ ശരാശരി 4,000 രൂപ കൂടുതലായി സമ്പാദിക്കുന്നതായും ജാതി വ്യവസ്ഥയുടെയും ഗോത്രവര്‍ഗക്കാരുടെയും ഏറ്റവും താഴെയുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് 5,000 രൂപ കുറവാണ് സമ്പാദിക്കുന്നതെന്നും അവര്‍ കണ്ടെത്തി. അതുപോലെ തന്നെ ലോകമെമ്പാടുമുള്ള ഭര്‍ത്താക്കന്മാരേക്കാള്‍ കുറവാണ് ഭാര്യമാര്‍ സമ്പാദിക്കുന്നത്.
സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തിന്റെ പേരില്‍ ഇന്ത്യ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നതായും ലക്ഷക്കണക്കിന് പെണ്‍ ഭ്രൂണങ്ങള്‍ വര്‍ഷം തോറും ഗര്‍ഭച്ഛിദ്രം ചെയ്യപ്പെടുന്നതായും ജനിച്ച സമയം മുതല്‍, ഭൂരിഭാഗം സ്ത്രീകളും അവരുടെ ജീവിതകാലം മുഴുവന്‍ വിവേചനവും മുന്‍വിധിയും അക്രമവും അവഗണനയും നേരിടുന്നതായും ഗവേഷകര്‍ കണ്ടെത്തി.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം, 2020-21 ല്‍ സ്ത്രീകള്‍ തൊഴില്‍ ശക്തിയുടെ 25.1% മാത്രമായിരുന്നു. ഇത് ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. മാത്രമല്ല രാജ്യത്തിനുള്ളില്‍ തന്നെ ഇതില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. കാരണം, 2004-05 ല്‍ ഇത് 42.7% മായിരുന്നു.
ഇന്ത്യ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടും തൊഴില്‍ ശക്തിയില്‍ നിന്ന് സ്ത്രീകളുടെ പിന്‍വാങ്ങല്‍ സംഭവിക്കുന്നത് ആശങ്കാജനകമാണെന്ന് ഓക്‌സ്ഫാം പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, ലോക്ക്ഡൗണ്‍ സമയത്ത്, ജോലികള്‍ കുറവായതിനാല്‍, സ്ത്രീകള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കാരണം തൊഴില്‍ വിപണിയില്‍ ചേരാന്‍ ആഗ്രഹിക്കാത്ത ഉയര്‍ന്ന യോഗ്യതയുള്ള ഒരു വലിയ വിഭാഗം സ്ത്രീകള്‍ ലിംഗവിവേചനത്തിന്റെ ഉയര്‍ന്ന അളവാണ് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
‘പുരുഷന്മാരെ അപേക്ഷിച്ച് തുല്യമോ അതിലും ഉയര്‍ന്നതോ ആയ യോഗ്യതകളുള്ള സ്ത്രീകളില്‍ വലിയൊരു വിഭാഗത്തെ തൊഴില്‍ മേഖലയ്ക്ക് പുറത്ത് നിര്‍ത്തുന്നത് പുരുഷാധിപത്യമാണെന്നും ഇത് കാലക്രമേണ ഒരു പുരോഗതിയും ഉണ്ടാക്കുകയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്ക് പുറമെ, ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളായ ദലിതര്‍, ഗോത്രവര്‍ഗക്കാര്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവരും ജോലി, ഉപജീവനമാര്‍ഗം, കാര്‍ഷിക വായ്പ എന്നിവ ലഭ്യമാക്കുന്നതില്‍ വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
‘ഇന്ത്യന്‍ സമൂഹത്തിലെ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ തകര്‍ക്കുന്നത്, സാമൂഹികവും ധാര്‍മ്മികവുമായ അടിത്തറകളെ മാത്രമല്ല സാമ്പത്തിക അടിത്തറയേയുമാണ്. ഇത് സമൂഹത്തെ പ്രതികൂലമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു’. ബെഹാര്‍ പറയുന്നു.
ഈ പ്രവണതയ്‌ക്കെതിരെ, വിവേചന രഹിത ഇന്ത്യയ്ക്കായി സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നയരൂപീകരണക്കാരും സിവില്‍ സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.