ഈ വർഷത്തെ പുതിയ വാക്കിനെ തിരഞ്ഞെടുത്ത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ‘ബ്രെയിൻ റോട്ട്’ എന്നതാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഈ വർഷത്തെ നിഘണ്ടുവിൽ പുതിയതായി ചേർക്കുന്ന വാക്ക്.
ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ‘ബ്രെയിൻ റോട്ട്’ എന്നത് നിസ്സാരമോ, വെല്ലുവിളിയില്ലാത്തതോ ആയി കണക്കാക്കപ്പെടുന്ന ഏതെങ്കിലുമൊരു മെറ്റീരിയലിന്റെ അമിത ഉപഭോഗത്തിന്റെ ഫലമായി (ഇപ്പോൾ പ്രത്യേകിച്ച് ഓൺലൈൻ ഉള്ളടക്കം) ഉണ്ടാകുന്ന ഒരു വ്യക്തിയുടെ മാനസികമോ, ബൗദ്ധികമോ ആയ അവസ്ഥയുടെ തകർച്ചയാണ് ഈ പദത്തിലൂടെ അർഥമാക്കുന്നത് എന്ന് വ്യക്തമാക്കി.
ആധുനിക കാലത്താണ് ‘ബ്രെയിൻ റോട്ട്’ എന്ന പദം കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയതെങ്കിലും മുൻപുതൊട്ട് നിലനിൽക്കുന്ന ഒരു പദമായിരുന്നു ഇത്. ഒ. യു. പി. പറയുന്നതനുസരിച്ച്, ലളിതമായ ആശയങ്ങൾക്ക് അനുകൂലമായി സങ്കീർണ്ണമായ ആശയങ്ങളെ വിലകുറയ്ക്കാനുള്ള സമൂഹത്തിന്റെ പ്രവണതയെ വിമർശിച്ചുകൊണ്ട് എഴുത്തുകാരൻ ഹെൻറി ഡേവിഡ് തോറോ തന്റെ ‘വാൾഡൻ’ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. നാളുകളായി ഈ വാക്ക് ഉപയോഗിക്കുന്നുണ്ട് എങ്കിലും ഓൺലൈനിൽ അമിതമായി ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്ത ഉള്ളടക്കത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത് കൂടുതൽ പ്രചാരത്തിലെത്തിയത്.
ഈ വർഷം ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ബിഹേവിയറൽ ഹെൽത്ത് കെയർ പ്രൊവൈഡർ, ബ്രെയിൻ റോട്ടിന് ചികിത്സ നൽകാൻ തുടങ്ങി. ഇതിനെ ‘മാനസികമായി മങ്ങിയ അവസ്ഥ, അലസത, ശ്രദ്ധ കുറയൽ, വൈജ്ഞാനിക തകർച്ച’ എന്നിവയുടെ അവസ്ഥയായി വിശേഷിപ്പിച്ചു. സ്ക്രീൻ സമയത്തിൽ പരിധികൾ നിശ്ചയിക്കുന്നതിലൂടെയോ, ഡിജിറ്റൽ ഡിറ്റോക്സ് ചെയ്യുന്നതിലൂടെയോ തടയാൻ കഴിയുന്ന ബ്രെയിൻ റോട്ട് സ്വഭാവത്തിന്റെ ഉദാഹരണങ്ങളായി ഡൂംസ്ക്രോളിംഗും സോഷ്യൽ മീഡിയ ആസക്തിയും ഹെൽത്ത് കെയർ കമ്പനി ഉദ്ധരിച്ചു.
“ബ്രെയിൻ റോട്ട് വെർച്വൽ ജീവിതത്തിന്റെ അപകടങ്ങളിലൊന്നിനെക്കുറിച്ചും നമ്മുടെ ഒഴിവുസമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിക്കുന്നു” – ഓക്സ്ഫോർഡ് ലാംഗ്വേജസ് പ്രസിഡന്റ് കാസ്പർ ഗ്രാത്ത്വോൾ തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിൽ പറഞ്ഞു.