Sunday, November 24, 2024

ഓസോണ്‍ പാളി വീണ്ടെടുക്കലിന്റെ പാതയിലെന്ന് ഗവേഷകര്‍

ഓസോണ്‍ പാളി വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് ഗവേഷകര്‍. യുഎന്‍ പിന്തുണയുള്ള ശാസ്ത്ര പാനലിന്റെ നാല് വര്‍ഷത്തെ തുടര്‍ച്ചയായ വിലയിരുത്തലിലാണ് ഓസോണ്‍ പാളി പൂര്‍വസ്ഥിതിയിലേയ്‌ക്കെത്തുകയാണെന്ന് സ്ഥിരീകരിച്ചത്.

അന്റാര്‍ട്ടിക്കയ്ക്ക് മുകളിലുള്ള ഓസോണ്‍ ദ്വാരം ഏകദേശം നാല് പതിറ്റാണ്ടിനുള്ളില്‍ പൂര്‍ണ്ണമായും മാറുമെന്നും സമിതി വ്യക്തമാക്കി. ഓസോണ്‍ പാളിയുടെ വീണ്ടെടുക്കല്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും താപനില വര്‍ധനവ് പരിമിതപ്പെടുത്താനും സഹായിക്കുമെന്നും ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓസോണ്‍ പാളി അതിന്റെ 1980 ലെ വലുപ്പത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2066 ഓടെ അന്റാര്‍ട്ടിക്കയ്ക്ക് മേല്‍, 2045 ല്‍ ആര്‍ട്ടിക്, 2040 ല്‍ ലോകമെമ്പാടും ഓസോണ്‍ പാളി സാധാരണ നിലയിലേയ്‌ക്കെത്തും. വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍, യൂണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം, യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെയറിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലെ ശാസ്ത്ര സംഘമാണ് വിലയിരുത്തല്‍ നടത്തിയത്.

ജിയോ എന്‍ജിനീറിംഗ് പോലുള്ള കാലാവസ്ഥാ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഓസോണ്‍ പാളിയില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കി.

Latest News