Friday, April 11, 2025

പി. എഫ്. ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്

പോപ്പുലര്‍ ഫ്രണ്ട് (പി. എഫ്. ഐ) അഹ്വാനം ചെയ്ത ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ നികത്താന്‍ സംഘടനയുടേയും നേതാക്കളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിറക്കി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഉത്തരവിറക്കിയത്. ജപ്‌തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ജനുവരി 23നകം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ആഭ്യന്തര വകുപ്പില്‍ നിന്ന് നേതാക്കളുടെ പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്‌തി നടത്തുമെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്‌തി നടപടികള്‍ പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ പറയുന്നു. പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം.

പി. എഫ്. ഐ യുടെ നിരോധനത്തെത്തുടര്‍ന്ന് നടന്ന മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമണങ്ങള്‍ നടന്നിരുന്നു. അന്വേഷണത്തില്‍ ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം സംസ്ഥാനത്ത് ഉണ്ടായെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ വിഷയത്തില്‍ ഇടപെടുകയും സംഘടനയുടെ ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്‌തുക്കള്‍ ഉൾപ്പെടെ റവന്യൂ റിക്കവറി നടത്തി നഷ്ടം നികത്താന്‍ ഉത്തരവിടുകയായിരുന്നു.

അതേസമയം, ജപ്‌തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കാത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Latest News