മലയാളികളുടെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദബാധിതനായി ഏറെനാൾ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തൃശ്ശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു.
കഴിഞ്ഞ ഒൻപത് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വീട്ടിൽ പോകാനുള്ള ആഗ്രഹത്തെത്തുടർന്ന് ഇന്നലെ ഡിസ്ചാർജ് വാങ്ങി പോയിരുന്നു. എന്നാൽ ഇന്ന് വൈകിട്ട് ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പൾസ് വളരെ കുറവായിരുന്നെന്നും വിദഗ്ധ ഡോക്ടർമാരെത്തി സിപിആർ ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കും.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ് ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഒരു ദേശീയ അവാർഡും അഞ്ച് കേരള സംസ്ഥാന അവാർഡുകളും നാല് തമിഴ്‌നാട് സംസ്ഥാന അവാർഡുകളും ജയചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.