പാക്കേജ് ചെയ്ത കുടിവെള്ളത്തെയും മിനറൽ വാട്ടറിനെയും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. എഫ്. എസ്. എസ്. എ. ഐ. അറിയിപ്പനുസരിച്ച് ഈ ഉൽപന്നങ്ങൾ ഇപ്പോൾ പരിശോധനകൾക്കും ഓഡിറ്റിനും വിധേയമായിരിക്കും.
ലൈസൻസുകളോ, രജിസ്‌ട്രേഷനോ അനുവദിക്കുന്നതിനുമുമ്പ് നിർമാതാക്കളും പ്രോസസ്സർമാരും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണം എന്നതാണ് പുതുക്കിയ നിർദേശം. പാക്കേജ് ചെയ്ത കുടിവെള്ളം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണവിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ, ഇപ്പോൾ എഫ്. എസ്. എസ്. എ. ഐ. അംഗീകൃത മൂന്നാംകക്ഷി ഭക്ഷ്യസുരക്ഷാ ഏജൻസികൾ നടത്തുന്ന വാർഷിക ഓഡിറ്റിന് വിധേയമാകേണ്ടതുണ്ട്.
പായ്ക്ക് ചെയ്ത കുടിവെള്ളത്തെ ‘ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം’ എന്ന് ലേബൽ ചെയ്യാനുള്ള തീരുമാനത്തിനർഥം ഈ ഉൽപന്നങ്ങൾ ആരോഗ്യത്തിനു ഹാനികരമെന്നല്ല, മറിച്ച് ഇത് കർശനമായ സുരക്ഷാപരിശോധനകൾ ഉറപ്പാക്കുന്നു എന്നാണ് എന്ന് എഫ്. എസ്. എസ്. എ. ഐ. വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് കർശനമായ നടപടികളിലൂടെ ഇവ കടന്നുപോകേണ്ടതുണ്ട്. അതിനാലാണ് നിയമങ്ങൾ കടുപ്പിക്കുന്നതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി വെളിപ്പെടുത്തുന്നു.