രാജ്യത്ത് ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ ജോലിസ്ഥലത്തേക്ക് എത്താന്‍ കഴുതവണ്ടിയ്ക്ക് അനുമതി തേടിയിരിക്കുകയാണ് വ്യോമയാന അതോറിറ്റി ജീവനക്കാരന്‍.
നിലവില്‍ പാകിസ്താനില്‍ പെട്രോളിന് ലിറ്റിന് 209.86 രൂപയും ഡീസലിന് 204 രൂപയുമാണ് വില. ഇത് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് ജീവനക്കാരന്‍ കഴുതവണ്ടി ആശയവുമായി അധികൃതരെ സമീപിച്ചത്. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 വര്‍ഷമായി ജോലി ചെയ്യുന്ന രാജാ ആസിഫ് ഇഖ്ബാല്‍ ആണ് വ്യോമയാന അതോറിറ്റി ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് ഇന്ധന അലവന്‍സ് നല്‍കുമെന്നും മെട്രോ ബസ് സൗകര്യം ഏര്‍പ്പെടുത്തിയതായും സിഎഎ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്‍ ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിച്ചത്. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന ചര്‍ച്ചയില്‍ ഐഎംഎഫുമായി പാകിസ്താന് ധാരണയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതായി ധനമന്ത്രി പ്രഖ്യാപനം നടത്തിയത്.
ഇതിന് ശേഷം രണ്ട് തവണയായി വര്‍ദ്ധിപ്പിച്ചാണ് ഇന്ധനവില ഇരുനൂറ് കടത്തിയത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് എണ്ണ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും രാജ്യം സാമ്പത്തികമായി തകരാതിരിക്കാന്‍ ഈ നീക്കം അനിവാര്യമായിരുന്നുവെന്നുമാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നത്.