ജമ്മു-കാശ്മീരില്‍ ‘പിഐഎ’ (പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്) എന്നെഴുതിയ ചാരബലൂണ്‍ കണ്ടെത്തി. കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാസേന ബലൂണ്‍ കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി സുരക്ഷസേന വ്യക്തമാക്കി.
കറുപ്പും വെളുപ്പും നിറത്തിലുള്ള ബലൂണാണ് നിലത്തുകിടന്ന നിലയില്‍ സേന കണ്ടത്തിയത്. പിന്നാലെ സുരക്ഷാസേന ഇത് പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തു. എവിടെ നിന്നാണ് പാക്ക് ചാരബലൂണ്‍ എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സുരക്ഷാസേന അറിയിച്ചു.
നേരത്തെ ഷിംലയിലെ ഒരു ആപ്പിൾ തോട്ടത്തിൽ നിന്നും, വിമാനത്തിന്റെ ആകൃതിയിലുള്ള പിഐഎ എന്ന് എഴുതിയ ബലൂൺ ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. സമാനമായ സംഭവമാണ് ഇപ്പോൾ ഹിരാനഗറിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം, പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) നാല് പാക്കിസ്ഥാൻ ഡ്രോണുകൾ ബിഎസ്എഫ് തടയുകയും അവയിൽ മൂന്നെണ്ണം വെടിവച്ചിടുകയും ചെയ്തിരുന്നു.