ഈഫൽ ടവറിന് സമീപത്തുകൂടി പറക്കുന്ന വിമാനത്തിന്റെ പരസ്യത്തിന് ആഗോള വിമർശനം ഏറ്റുവാങ്ങി പാക്കിസ്ഥാൻ എയർലൈൻസ്. ഫ്രഞ്ച് തലസ്ഥാനത്തേക്കുള്ള പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനങ്ങൾ പുനരാരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരസ്യം. കൂടാതെ ‘പാരീസ്, ഞങ്ങൾ ഇന്ന് വരുന്നു’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.
ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ പരസ്യത്തിന്, 2001 സെപ്തംബർ 11 ന് യു. എസിൽ നടന്ന ഭീകരാക്രമണവുമായി സാമ്യം കാണിച്ചു. “ഇതൊരു പരസ്യമാണോ അതോ ഭീഷണിയാണോ?” ഒരു ഉപയോക്താവ് എക്സിൽ എഴുതി. മറ്റൊരാൾ കമ്പനിയോട് “നിങ്ങളുടെ മാർക്കറ്റിംഗ് മാനേജരെ പുറത്താക്കാൻ” ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പുറത്തുവന്ന പരസ്യം എക്സിൽ 21 ദശലക്ഷത്തിലധികം ആളുകൾ കാണുകയും വിമർശിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഉപ പ്രധാനമന്ത്രി ഇഷാഖ് ദാറും പരസ്യത്തെ വിമർശിച്ചതായി പാക്കിസ്ഥാൻ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
PIA യുടെ പരസ്യം തന്നെ ‘ശരിക്കും നിശ്ശബ്ദനാക്കി’ എന്ന് പാക്കിസ്ഥാൻ പത്രപ്രവർത്തകൻ ഒമർ ഖുറൈഷി പറഞ്ഞു. “9/11 ദുരന്തത്തെക്കുറിച്ച് അവർക്ക് അറിയില്ലേ – കെട്ടിടങ്ങൾ ആക്രമിക്കാൻ വിമാനങ്ങൾ ഉപയോഗിച്ചത്? ഇത് സമാനമായ രീതിയിൽ മനസ്സിലാക്കപ്പെടുമെന്ന് അവർ കരുതിയിരുന്നില്ലേ” – അദ്ദേഹം എക്സിൽ എഴുതി. സംഭവത്തെക്കുറിച്ച് എയർലൈൻ പ്രതികരിച്ചിട്ടില്ല.