ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൊവ്വാഴ്ച തീവ്രവാദികൾ പിടിച്ചെടുത്ത പാസഞ്ചർ ട്രെയിനിൽനിന്ന് 300 ലധികം ബന്ദികളെ മോചിപ്പിച്ചതായി പാക്കിസ്ഥാൻ സൈന്യം. ഈ സൈനിക നീക്കത്തിൽ 33 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാക്ക് സൈനികവക്താവ് പറഞ്ഞു. ബലൂച് ലിബറേഷൻ ആർമി ഓപ്പറേഷൻ ആരംഭിക്കുന്നതിനുമുൻപ് ബന്ദികളാക്കിയ 21 സിവിലിയൻമാരെയും നാലു സൈനികരെയും കൊലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്ത് ഭീഷണി നിലനിൽക്കുന്നതിനാൽ സൈന്യം അവിടെ തിരച്ചിൽ തുടരുകയാണ്. ആക്രമണസമയത്ത് ട്രെയിനിൽ ഏകദേശം 440 യാത്രക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ചില തീവ്രവാദികൾ തീവണ്ടി വിട്ട് നിരവധി യാത്രക്കാരെ ചുറ്റുമുള്ള പർവതപ്രദേശത്തേക്കു കൊണ്ടുപോയിരിക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല, ആക്രമണത്തിനിടെ അവിടെനിന്നും രക്ഷപെട്ട് പരിസരപ്രദേശങ്ങളിലേക്ക് ഓടിപ്പോയ യാത്രക്കാരെ കണ്ടെത്താനും സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാൽ എത്ര യാത്രക്കാരെ കാണാതായി എന്ന കാര്യം വ്യക്തമല്ല.
ട്രെയിനിലുണ്ടായിരുന്നവരിൽ കുറഞ്ഞത് നൂറുപേരെങ്കിലും സുരക്ഷാസേനയിലെ അംഗങ്ങളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന് കൂടുതൽ സ്വയംഭരണമോ, സ്വാതന്ത്ര്യമോ ആവശ്യപ്പെടുന്ന വിമതഗ്രൂപ്പുകളിലൊന്നാണ് ബി എൽ എ. പാക്കിസ്ഥാൻ അധികാരികളും യു കെ, യു എസ് എന്നിവയുൾപ്പെടെ നിരവധി പാശ്ചാത്യരാജ്യങ്ങളും ബി എൽ എ യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവിശ്യയിലെ സമ്പന്നമായ ധാതുസമ്പത്ത് ഇസ്ലാമാബാദ് ചൂഷണം ചെയ്യുകയും അതേസമയം അതിനെ അവഗണിക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിക്കുന്നു. ഇതിനുമുൻപ് അവർ സൈനിക ക്യാമ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ എന്നിവ ആക്രമിച്ചിട്ടുണ്ട്. ഇതാദ്യമായാണ് അവർ ഒരു ട്രെയിൻ ഹൈജാക്ക് ചെയ്യുന്നത്.