Sunday, January 26, 2025

പാകിസ്താന്‍ ഇന്ന് ജനവിധി തേടും; വോട്ടെടുപ്പ്, പാര്‍ലമെന്റിലേക്കും നാല് പ്രവശ്യ നിയമനിര്‍മാണ സഭകളിലേക്കും

പാകിസ്താന്‍ ഇന്ന് ജനവിധി തേടും. ഒരു വര്‍ഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും ശേഷമാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലേക്കും നാല് പ്രവശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ്. ഫെബ്രുവരി ഒമ്പതിനാകും വോട്ടെണ്ണല്‍.

പാകിസ്താന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി നേതാവ് നവാസ് ഷെരീഫും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും ബേനസീര്‍ ഭുട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലാണ് പ്രധാന മത്സരം. മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്രീകെ ഇന്‍സാഫ് സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരായാകും ജനവിധി തേടുക. തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

തെരഞ്ഞെടുപ്പില്‍ ആരൊക്കെ വിജയിക്കുമെന്നത് പ്രവചനാതീതമാണെന്നും സൈനീക ജനറല്‍മാര്‍ക്ക് തിരഞ്ഞെടുപ്പില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. കഴിഞ്ഞ 76 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നേരിട്ടോ അല്ലാതെയോ സൈന്യം ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ സൈന്യം ഏത് പക്ഷത്തായിരിക്കും എന്നത് നിര്‍ണ്ണായക ഘടകമായിരിക്കും എന്ന് കോളമിസ്റ്റായ അബ്ബാസ് നസീര്‍ പറഞ്ഞു. ഷെരീഫിന് ജനറല്‍മാരുടെ പിന്തുണയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

പാകിസ്താനില്‍ 16-ാമത് അസംബ്ലി തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 13 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 6.9 കോടി പുരുഷ വോട്ടര്‍മാരും 5.9 കോടി സ്ത്രീവോട്ടര്‍മാരുമാണുള്ളത്. 266 സീറ്റുകളിലായി 44 രാഷ്ട്രീയ പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.

 

 

Latest News