Monday, November 25, 2024

കറാച്ചി സര്‍വകലാശാലയിലെ സ്‌ഫോടനത്തില്‍ നാലു മരണം; ആക്രമണത്തിന് പിന്നില്‍ വനിതാ ചാവേര്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി

പാക്കിസ്ഥാനിലെ കറാച്ചി സര്‍വകലാശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 3 ചൈനീസ് പൗരന്മാരടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 2 പേര്‍ സ്ത്രീകളാണ്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വാനില്‍ ഏഴോ എട്ടോ ആളുകള്‍ ഉണ്ടായിരുന്നതായാണു വിവരമെന്നു സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരമാണ്.

കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണു പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാനില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡയറക്ടര്‍ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്താന്‍ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് വിഭാഗം ഏറ്റെടുത്തു. സര്‍വകലാശാല വളപ്പില്‍ വനിത ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎല്‍എ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്‍എ വക്താവ് പുറത്തുവിട്ടു.

ഇതിനിടെ സംഭവത്തിന്റേതെന്ന രീതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിന് സമീപം ബുര്‍ഖ ധരിച്ച് ഒരു സ്ത്രീ നില്‍ക്കുന്നതും വാന്‍ സമീപത്ത് എത്തുമ്പോള്‍ ശക്തമായ സ്ഫോടനം നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ പാക് സുരക്ഷാ വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനു മുന്‍പും ചൈനീസ് പൗരന്മാരെ ഉന്നം വച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Latest News