Friday, November 29, 2024

അഫ്ഗാന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാക്കിസ്ഥാന്‍

അഫ്ഗാന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാക്കിസ്ഥാന്‍. ഇതുവരെ രണ്ടര ലക്ഷം അഫ്ഗാനികളെയാണ് പാക്കിസ്ഥാന്‍ തിരിച്ചയച്ചത്. പാക്ക് നടപടിയില്‍ അതൃപ്തി അറിയിച്ച് താലിബാന്‍ രംഗത്തെത്തി. അഫ്ഗാന്‍ കുടിയേറ്റക്കാരെ പുറത്താക്കി പാക്കിസ്ഥാന്‍ കാബൂളിനെ അപമാനിച്ചതായി അഫ്ഗാന്‍ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീര്‍ ഖാന്‍ മുത്താഖി ആരോപിച്ചു.

തങ്ങളുടെ ആശങ്കകള്‍ പാക്കിസ്ഥാന്‍ സൈനിക, വിദേശകാര്യ അധികാരികളോട് ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ നാടുകടത്തല്‍ തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുത്താഖി പറഞ്ഞു. കുടിയേറ്റക്കാരെ പാകിസ്ഥാന്‍ നാടുകടത്തുന്നത് അഫ്ഗാന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമാണെന്നും എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അത്തരം സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ അനധികൃതമായി താമസിക്കുന്ന 1.7 ദശലക്ഷം അഫ്ഗാനികള്‍ക്ക് ഒക്ടോബറില്‍ അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് 250,000-ത്തിലധികം അഫ്ഗാനികള്‍ പാക്കിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. അതേസമയം, ഭൂരിഭാഗം പേരും സ്വമേധയാ പോയതാണെന്ന് പാക്കിസ്ഥാന്‍ വാദിക്കുന്നു. ഏകദേശം 20 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളാണ് പാകിസ്ഥാനിലുള്ളത്.

രേഖകളില്ലാത്തവരെ മടക്കി അയക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പാക്കിസ്ഥാന്‍ വിശദീകരിച്ചു. എന്നാല്‍, നവംബര്‍ ഒന്നിന് ശേഷം അഫ്ഗാനികള്‍ പാക്കിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ നിര്‍ബന്ധിതരായെന്ന് താലിബാന്‍ പറയുന്നു. കാണ്ഡഹാര്‍ പ്രവിശ്യയിലെ അഭയാര്‍ഥി, സ്വദേശിവല്‍ക്കരണ വകുപ്പിന്റെ വിവരം അനുസരിച്ച്, കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 31,547 ആളുകളും 4,533 കുടുംബങ്ങളും പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയതായി പറയുന്നു.

 

 

Latest News