വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ അംബാസിഡറെ പുറത്താക്കി പാകിസ്താന്‍. ടെഹ്‌റാനില്‍ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തു. നടക്കാനിരിക്കുന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ ഉന്നതതല ഇറാന്‍ സന്ദര്‍ശനവും പാകിസ്താന്‍ റദ്ദാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പാക് സര്‍ക്കാരിന്റെ ഈ നടപടി.
ഇറാനിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഇറാന്‍ സന്ദര്‍ശിക്കുന്ന പാക്കിസ്താനിലെ ഇറാന്‍ അംബാസഡര്‍ തല്‍ക്കാലം മടങ്ങിയെത്തില്ലെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാന്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. വ്യോമാക്രണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ അദ്ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ വിശദീകരണം. എന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുന്ന കാര്യമാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പാകിസ്താന്‍ പറഞ്ഞു. രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിനും ആക്രമണം കാരണമായി. പ്രകോപനമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പാകിസ്താന്‍ വക്താവ് മുംതാസ് സഹ്റ ബലോച്ച് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പാകിസ്താന്റെ പരാമധികാരത്തിന്മേലുളള ഈ കടന്നുകയറ്റം അംഗീകരിക്കാനാവില്ല. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ നിയമലംഘനം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ പാകിസ്താന്റെ ശക്തമായ പ്രതിഷേധം ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായും പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.