പാക്കിസ്ഥാനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും പ്രളയമേഖലകളിൽ പടർന്നുപിടിക്കുകയാണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണം. 492 പേരാണ് ഈ പ്രവിശ്യയിൽ മരണമടഞ്ഞത്.
ഖൈബർ പഖ്തൂൺഖ്വയിൽ 286 പേരും ബലൂചിസ്ഥാനിൽ 259 പേരും കൊല്ലപ്പെട്ടു. ഇതിനിടെ പ്രളയജലം നിയന്ത്രിക്കാനായി രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മഞ്ചാർ തടാകം അധികൃതർ തുറന്നു വിട്ടു. ഒരു ലക്ഷത്തോളം പേർ ഇതു മൂലം വീടുകളൊഴിഞ്ഞു പോകേണ്ടിവരും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണിത്.
അതേസമയം, പാകിസ്ഥാൻ സർക്കാർ ഏജൻസികളും സ്വകാര്യ എൻ ജി ഒകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പാക്കിസ്ഥാൻ സർക്കാർ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രകൃതി ദുരന്തവും സംഭവിച്ചിരിക്കുന്നത് എന്നത് രാജ്യത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ 500,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.