പ്രളയം സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്താന്‍. രാജ്യത്ത് ശക്തമായ മഴയും, നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ ആരംഭിച്ച ശക്തമായ മഴയിലും പ്രളയത്തിലും ഇതുവരെ 937 പേര്‍ക്കാണ് പാകിസ്താനില്‍ ജീവന്‍ നഷ്ടമായത്.
തുടര്‍ച്ചയായി പെയ്യുന്ന മഴ ശക്തമായ നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഷഹബാസ് ഷെരീഫ് ട്വിറ്ററില്‍ കുറച്ചു. മഴ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ എത്രത്തോളമുണ്ടെന്ന് കണക്കാക്കി വരികയാണ്. 2010 ല്‍ ഉണ്ടായ സമാന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ഇതുവരെ ലോകരാജ്യങ്ങള്‍ നല്‍കിയ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി. ദുരന്തം മറികടക്കാന്‍ തുടര്‍ന്നും എല്ലാ രാജ്യങ്ങളുടേയും സഹായം വേണമെന്നും ഷഹബാസ് ഷെരീഫ്
അഭ്യര്‍ത്ഥിച്ചു.
മഴയില്‍ രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മഴയ്ക്ക് പുറമേ ഉണ്ടാകുന്ന മേഘവിസ്ഫോടനങ്ങളും രാജ്യത്തെ സ്ഥിതി വഷളാക്കുന്നുണ്ട്. പാകിസ്താനിലെ മൂന്ന് മില്യണ്‍ ആളുകളാണ് പ്രളയത്താല്‍ ദുരിതം അനുഭവിക്കുന്നത്. ഇതുവരെ 1,70,000 വീടുകള്‍ തകര്‍ന്നു. 150 ഓളം പാലങ്ങള്‍ ഒലിച്ചു പോയി.