അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയിൽ പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) 78-ാമത് സെഷനിലാണ് ഇന്ത്യയുടെ നിര്‍ദേശം. പാകിസ്താൻ ഇടക്കാല പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഈ വിഷയത്തിൽ പ്രതികരിക്കാൻ പാകിസ്താന് അധികാരമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജനറല്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റിയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്‌ലോട്ട് ആണ് പാകിസ്താന് മറുപടി നൽകിയത്. “ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങൾ (UTs) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്ഥാന് അധികാരമില്ല. ” – പെറ്റൽ ഗഹ്ലോട്ട് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനത്തിന്റെ താക്കോൽ കശ്മീരാണെന്നും ഇന്ത്യയുൾപ്പെടെ എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു പാകിസ്താൻ ഇടക്കാല പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെയാണ് ഇന്ത്യ രൂക്ഷപ്രതികരണം നടത്തിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ ഗുരുതരമായതും നിരന്തരമായതുമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ പാക്കിസ്താനോട് ആവശ്യപ്പെട്ടു.