എഫ്എടിഎഎഫിന്റെ (FATF) ഗ്രേ ലിസ്റ്റിൽ നിന്ന് പാക്കിസ്ഥാൻ പുറത്തേക്ക്. എഫ്എടിഎഫിന്റെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് വെള്ളിയാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പാക്കിസ്ഥാൻ ഇനി എഫ്എടിഎഫിന്റെ നിരീക്ഷണ പ്രക്രിയയ്ക്ക് വിധേയമായിരിക്കില്ല. തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ കുറിച്ചുള്ള ആഗോള നിരീക്ഷക സ്ഥാപനമാണ് എഫ്എടിഎഎഫ്.
അതേസമയം ആന്റി മണി ലോണ്ടറിംഗ് & കൌണ്ടർ ടെററിസ്റ്റ് ഫിനാൻസിങ് സംവിധാനം (AML/CFT) കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഏഷ്യ/പസഫിക് ഗ്രൂപ്പ് ഓൺ മണി ലോണ്ടറിംഗുമായി പ്രവർത്തിക്കുന്നത് തുടരുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. എഫ്എടിഎഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് മോചിപ്പിക്കാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾ നേരത്തെ തന്നെ പരന്നിരുന്നു. ഇത് സാമ്പത്തിക സ്ഥിതി മറികടക്കാനുള്ള വിദേശ ഫണ്ട് നേടാൻ രാജ്യത്തെ പ്രാപ്‌തമാക്കും. കള്ളപ്പണം വെളുപ്പിക്കുന്നതിലും, തീവ്രവാദ ഫണ്ടിങ് തടയുന്നതിലും പരാജയപ്പെട്ടതിനാൽ എഫ്എടിഎഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ട് നാല് വർഷത്തിലേറെയായി.
ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണിയായി കണക്കാക്കപ്പെടുന്ന കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകുക എന്നിവക്കെതിരെ പോരാടുന്നതിൽ നിയമ, സാമ്പത്തിക, നിയന്ത്രണ, അന്വേഷണ, പ്രോസിക്യൂഷൻ, ജുഡീഷ്യൽ, സർക്കാരിതര മേഖലകളിൽ പാക്കിസ്ഥാന്റെ പോരായ്മകൾ എഫ്എടിഎഎഫ് നേരത്തെ കണ്ടെത്തിയിരുന്നു.