പെഷവാറിലെ പള്ളിയില്‍ ചാവേര്‍ സ്ഫോടനത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പോലീസുകാര്‍. കൊല്ലപ്പെട്ടവരില്‍ 27 പേര് പോലീസുകാരായിരുന്നുവെന്നതും ചാവേര്‍ പള്ളിക്കുള്ളില്‍ കടന്നത് പോലീസ് വേഷത്തിലാണെന്നതും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു.
തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ തങ്ങളെ ഭീകരജീവികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പോലീസുകാരുടെ ആരോപണം. ‘ഞങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണ്. ഓരോ ദിവസവും ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. ഇനിയുമെത്ര കാലം ഇത് സഹിക്കണം. സംരക്ഷിക്കേണ്ടവര്‍ക്കു സംരക്ഷണം ലഭിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ഇവിടെ സുരക്ഷിതരായിട്ടുള്ളത്’. പോലീസുകാര്‍ ചോദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാവരേയും സംരക്ഷിക്കുന്ന തങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നും പോലീസുകാരോടുള്ള തീവ്രവാദികളുടെ പ്രതികാരമാണ് പെഷവാര്‍ സ്ഫോടമെന്നും പോലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാകിസ്ഥാന് ഭീകരാക്രമണത്തെയും നേരിടേണ്ടി വന്നിരിക്കുന്നത്.