2008 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഹാഫിസ് സഈദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ച് പാക്കിസ്ഥാൻ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ വ്യവസ്ഥ നിലനിൽക്കുന്നില്ലെന്നും അതിനാൽ ഹാഫിസ് സഈദിനെ കൈമാറാൻ കഴിയില്ലെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സാറ ബലോച് പ്രസ്താവനയിൽ വ്യക്തമാക്കി.
ഹാഫിസ് സഈദിനെ വിചാരണ ചെയ്യാനായി വിട്ടുനൽകണമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യ പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചത്. “എൻഐഎ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഹാഫിസ് സഈദ്. ഭീകരാക്രമണങ്ങളും കശ്മീരിൽ ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ഉണ്ട്. കശ്മീരിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും ഇയാൾ പങ്കാളിയാണ്”, വിദേശകാര്യ മന്ത്രായ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
യുഎൻ ഭീകരവാദിയായി പ്രഖ്യാപിച്ച ഹാഫിസ്, ഭീകരപ്രവർത്തനങ്ങൾക്ക് കള്ളപ്പണം സമാഹരിച്ച കേസിൽ പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 33 വർഷത്തേക്കാണ് ഹാഫിസിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഹാഫിസിനെ പിടികൂടി ജയിലിൽ അടച്ചതിന് എതിരെ പാകിസ്താനിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഹാഫിസ് സ്ഥാപിച്ച പാകിസ്താൻ മർകസി മുസ്ലിം ലീഗ് ആണ് പ്രതിഷേധവുമായി രംഗത്തുള്ളത്.