സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ആക്രമണം നടത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ വീണ്ടും പ്രതികരിച്ച് ഇന്ത്യ. ഇന്ന് രാവിലെ ഇന്ത്യൻ സായുധസേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഏതു നിമിഷവും പാക്കിസ്ഥാന്റെ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇന്ത്യ കൃത്യസമയത്ത് പ്രതികരിക്കുകയായിരുന്നു.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ഇന്ത്യ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കിയെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതിനിടെ കഴിഞ്ഞ ദിവസം അവന്തിപുര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനികലക്ഷ്യങ്ങളെ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.