Tuesday, April 29, 2025

തുടർച്ചയായ അഞ്ചാമത്തെ രാത്രിയും വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ജമ്മുകശ്മീരിലെ ബാരാമുള്ള, കുപ്വാര, അഖ്നൂർ സെക്ടറുകളിൽ തുടർച്ചയായ അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ന്യൂഡൽഹിക്കും ഇസ്ലാമാബാദിനുമിടയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണരേഖയിൽ തുടർച്ചയായ അഞ്ചാം രാത്രിയാണ് പാക്കിസ്ഥാൻ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുന്നത്.

ഏപ്രിൽ 28 നും 29 നും രാത്രിയിൽ, കുപ്‌വാര, ബാരാമുള്ള ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലും അഖ്‌നൂർ സെക്ടറിലും പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവച്ചതായി ഒരു പ്രതിരോധ വക്താവ് പറഞ്ഞു. എന്നാൽ പാക്കിസ്ഥാന്റെ ഈ പ്രകോപനത്തിന് ഇന്ത്യൻ സൈന്യം കൃത്യമായ മറുപടി നൽകിയതായും അദ്ദേഹം പറയുന്നു. പക്ഷേ, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സുരക്ഷാ കാരണങ്ങളാൽ ജമ്മുകശ്മീർ സർക്കാർ കശ്മീർ താഴ്‌വരയിലുടനീളമുള്ള 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. എന്നാലും ഇതേക്കുറിച്ച് ടൂറിസം വകുപ്പിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ശ്രീനഗറിലെ പ്രശസ്തമായ ചില പ്രകൃതി വിശ്രമകേന്ദ്രങ്ങളും റിസോർട്ടുകളും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കശ്മീരിലുടനീളം അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗുൽമാർഗ്, സോനാമാർഗ്, ദാൽ ലേക്ക് പ്രദേശങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ജമ്മുകശ്മീർ വനം വകുപ്പ് വിനോദസഞ്ചാരികൾക്കായി അവരുടെ എല്ലാ ട്രക്കിംഗ് കേന്ദ്രങ്ങളും അടച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News