Sunday, November 24, 2024

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താന്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താന്‍. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതിയില്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നു പാക്കിസ്താനിലെ ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. എക്സിന് താത്കാലിക നിരോധനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

പാകിസ്താന്‍ സര്‍ക്കാരിന്റെ നിയമാനുസൃത നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിലും എക്സ് പരാജയപ്പെട്ടത് നിരോധനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ അധികൃതരുമായി സഹകരിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.

എക്‌സിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ സിന്ദ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ പ്ലാറ്റ്‌ഫോം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. എക്സ് നിരോധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നിസാരകാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ അടച്ചുപൂട്ടുന്നതിലൂടെ ആഭ്യന്തര മന്ത്രാലയം എന്താണ് നേടുന്നതെന്നും ലോകം ഞങ്ങളെ നോക്കി ചിരിക്കുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖീല്‍ അഹമ്മദ് അബ്ബാസി പറഞ്ഞു.

 

Latest News