Tuesday, November 26, 2024

ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈന്യത്തെ; ചാവേറായ പാകിസ്ഥാന്‍ ഭീകരന്റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അഞ്ച് പേരടങ്ങുന്ന ചാവേര്‍ സംഘത്തെ അയച്ചെന്ന് വെളിപ്പെടുത്തല്‍. സംഘത്തെ അയച്ചത് പാക് കേണല്‍ യൂനസ് ആണെന്നും, സൈന്യം പിടികൂടിയ തബ്രാക്ക് ഹുസൈന്‍ എന്ന ഭീകരന്‍ വെളിപ്പെടുത്തല്‍ നടത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നുഴഞ്ഞുക്കയറ്റ ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇയാളെ സൈന്യം പിടികൂടിയത്. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപയാണ് നല്‍കിയതെന്ന് തബ്രാക്ക് ഹുസൈന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വെടിയേറ്റ തബ്രാക്ക് ഹുസൈന്‍ നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷേരയിലെ സെഹര്‍ മക്രി മേഖലയില്‍ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരാണ് ഒരാള്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയത്. ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ വെടിവെപ്പ് ആരംഭിച്ചു.

ഇയാള്‍ പിന്‍വലിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതിനോടകം സൈന്യം വെടിവച്ചിടുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലില്‍ തനിക്ക് പാക് ചാരസംഘടനയായ ഐ എസ് ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇന്റലിജന്‍സ് യൂണിറ്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും നേരത്തെയും നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ രജൗരിയിലെ സൈനിക ക്യാമ്പില്‍ ചാവേര്‍ ആക്രമണത്തിനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റ് സഹോദരങ്ങള്‍ക്ക് നേരെയും എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണം നടന്നിരുന്നു. ഷോപ്പിയാനിലെ ഗ്രാമത്തിലെ ആപ്പിള്‍ തോട്ടത്തില്‍ വെച്ചായിരുന്നു അവര്‍ക്ക് നേരെ ഭീകരര്‍ വെടിവച്ചത്.

 

 

Latest News