Monday, November 25, 2024

പാകിസ്താനിലെ അബ്ദുള്‍ റഹ്മാന്‍ മക്കി ആഗോള ഭീകരന്‍; പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎന്‍എസ്‌സി

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരനും ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി) തലവന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കിയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍(യുഎന്‍എസ്‌സി
) ആഗോള ഭീകരനായി പട്ടികപ്പെടുത്തി. 2020ല്‍ ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി) തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍, ഭീകരരെ സംരക്ഷിക്കുന്ന പാകിസ്താനും ഇക്കാര്യത്തില്‍ പാകിസ്താന് അകമഴിഞ്ഞ് പിന്തുണ നല്‍കുന്ന ചൈനയ്ക്കും ഏറ്റ വലിയ തിരിച്ചടിയാണ് അബ്ദുള്‍ റഹ്മാന്‍ മക്കിയെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി.

യുഎന്‍എസ്‌സി 1267 കമ്മിറ്റി എന്നറിയപ്പെടുന്ന ഉപരോധ സമിതിയുടെ കീഴില്‍ തീവ്രവാദി അബ്ദുള്‍ റഹ്മാന്‍ മക്കിയെ പട്ടികപ്പെടുത്താനുള്ള നിര്‍ദ്ദേശം തടഞ്ഞതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. മക്കിയെ
ഇന്ത്യയും യുഎസും ആഭ്യന്തര നിയമങ്ങള്‍ പ്രകാരം തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ജമ്മു കശ്മീരിലടക്കം
ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും മക്കി ഉള്‍പ്പെട്ടിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. യുഎസ് നിയുക്ത വിദേശ ഭീകര സംഘടനയായ എല്‍ഇടിയില്‍ നേതൃപരമായ വിവിധ ചുമതലകളും ഇയാള്‍ വഹിച്ചിട്ടുണ്ട്.

ലഷ്‌കര്‍ ഇ ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തില്‍ അബ്ദുള്‍ റഹ്മാന്‍ മക്കി പങ്കുവഹിച്ചിട്ടുണ്ട്. ഐഎസ്ഐഎല്‍ (ദാഇഷ്), അല്‍-ഖ്വയ്ദ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെയെല്ലാം
1267 (1999), 1989 (2011), 2253 (2015) എന്നീ പ്രമേയങ്ങള്‍ അനുസരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 2023 ജനുവരി 16-ന്, സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റി തീരുമാനിച്ചു. സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 2610 (2021) ഖണ്ഡിക 1-ല്‍
പറഞ്ഞിരിക്കുന്ന ആസ്തി മരവിപ്പിക്കല്‍, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

 

 

Latest News