പാകിസ്താന് കോടിക്കണക്കിന് രൂപയുടെ കടത്തില്‍ പെട്ട് കിടക്കുകയാണെന്ന് സമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60 ട്രില്യണ്‍ പാകിസ്താന് രൂപ
ആണ് രാജ്യത്തിന്റെ ആകെ കടം. ഒരു വര്‍ഷത്തിനിടെ 11.9 ട്രില്യണ്‍ രൂപയുടെ കടം വര്‍ദ്ധിച്ചതായാണ് കണക്കുകൂട്ടല്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കനുസരിച്ച്, രാജ്യത്തിന്റെ മൊത്തം കടവും ബാധ്യതകളും മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 25% വര്‍ധനയോടെ 59.7 ട്രില്യണ്‍ പാകിസ്താന് രൂപയായി ആയി ഉയര്‍ന്നിട്ടുണ്ട്. ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കടഭാരം ഉയര്‍ന്നതായാണ് സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തുന്നത്.
2018ല്‍ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പാക്കിസ്താന്റെ മൊത്തം കട ബാധ്യത 76.4% ആയിരുന്നു. 2022 ജൂണില്‍ അത് 89.2% ആയി ഉയര്‍ന്നു. മുന്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കടഭാരം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്താണ് അധികാരത്തിലേറിയത്. എന്നാല്‍ 2022 ഏപ്രിലില്‍ ഇമ്രാന് ഖാന് സ്ഥാനമൊഴിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ മൊത്തം കടത്തിലേക്ക് 19.5 ട്രില്യണ്‍ കൂടി ചേര്‍ന്നിരുന്നു.