Friday, January 31, 2025

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ‘അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കാന്‍ നീക്കം. ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായെന്ന് പഞ്ചാബ് പ്രവിശ്യയുടെ ആഭ്യന്തരമന്ത്രി അത്ത തരാര്‍ പറഞ്ഞു.

പ്രവിശ്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുകയാണ്. ഇത് സമൂഹത്തിനും സര്‍ക്കാരിനും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ദിവസവും നാലോ അഞ്ചോ ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ പ്രത്യേക നടപടികള്‍ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസിന്റെ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും സംബന്ധിച്ച എല്ലാ കേസുകളും മന്ത്രിസഭാ സമിതി അവലോകനം ചെയ്യും. വനിതാ സംഘടനകള്‍, അദ്ധ്യാപകര്‍, അഭിഭാഷകര്‍ എന്നിവരുമായി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച് കൂടിയാലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കൗമാരക്കാരെ വീടുകളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്നും ആഭ്യന്തരമന്ത്രി മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

നിരവധി ബലാത്സംഗ കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബലാത്സംഗ വിരുദ്ധ ക്യാമ്പയിന് സര്‍ക്കാര്‍ തുടക്കമിട്ടതായും സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുമെന്നും തരാര്‍ പറഞ്ഞു.

 

Latest News