Monday, November 25, 2024

ഭീകരത്താവളങ്ങള്‍ക്കുനേരേ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍; ആക്രമിച്ചത് ഇറാന്‍ പോസ്റ്റുകള്‍ക്ക് നേരെ

ഭീകരതാവളങ്ങള്‍ക്കുനേരെ ഇറാന്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍. ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രത്യാക്രമണം അഴിച്ചുവിടുകയായിരുന്നു. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെയുമാണ് പാക്കിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയത്. സംഭവത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഇറാന്‍ ആക്രമണം നടത്തിയത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇറാന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം ആണെന്നും അന്താരാഷ്ട്രനിയമങ്ങളുടെയും
യുഎന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍. ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്ക്കു പേരുണ്ട്. ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ വധിച്ചതും അതിര്‍ത്തിയില്‍ റോന്തുചുറ്റുകയായിരുന്ന നാലുപോലീസുകാരെ 2023 ജൂലായില്‍ വധിച്ചതും ജയ്ഷ് അല്‍ ആദിലെന്ന് ഇറാന്‍ ആരോപിക്കുന്നു. 2019-ല്‍ റെവലൂഷണറി ഗാര്‍ഡ്‌സിലെ 27 അംഗങ്ങളെ വധിച്ചതിന്റെ ഉത്തരവാദിത്വം നേരത്തെ ജയ്ഷ് അല്‍ ആദില്‍ ഏറ്റെടുത്തിരുന്നു.

Latest News