Monday, April 21, 2025

അൽ ജസീറയുടെ സംപ്രേക്ഷണം രാജ്യത്ത് നിർത്തിവയ്ക്കാൻ ഉത്തരവിറക്കി പലസ്തീൻ

ജെനിനിലെ പലസ്തീൻ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചാനൽ കവറേജിനെ തുടർന്ന് ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറയുടെ ശൃംഖല ‘അക്രമത്തിനു പ്രേരിപ്പിക്കുന്ന ഉള്ളടക്കം’ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രദേശങ്ങളിലുടനീളം സംപ്രേക്ഷണം നിർത്തിവയ്ക്കാൻ ജനുവരി ഒന്ന് ബുധനാഴ്ച, പലസ്തീൻ അധികാരികൾ ഉത്തരവിട്ടതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാംസ്കാരിക, ആഭ്യന്തര, വാർത്താവിനിമയ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന പ്രത്യേക മന്ത്രിതല സമിതി, സംപ്രേക്ഷണം താൽക്കാലികമായി നിർത്തിവയ്ക്കാനും അൽ ജസീറ സാറ്റലൈറ്റ് ചാനലിന്റെയും അതിന്റെ പലസ്തീനിലെ ഓഫീസിന്റെയും എല്ലാ പ്രവർത്തനങ്ങളും മരവിപ്പിക്കാൻ തീരുമാനിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ അറിയിച്ചു.

“പലസ്തീനിൽ പ്രാബല്യത്തിലുള്ള അൽ ജസീറയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാൽ അവരുടെ നിയമപരമായ കാര്യങ്ങൾ ശരിയാക്കുന്നതുവരെ പത്രപ്രവർത്തകർ, ജീവനക്കാർ, ജോലിക്കാർ, അനുബന്ധ ചാനലുകൾ എന്നിവരുടെ ജോലി താൽക്കാലികമായി മരവിപ്പിക്കുന്നതും തീരുമാനത്തിൽ ഉൾപ്പെടുന്നു” – റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ, പ്രേരണ, രാജ്യദ്രോഹം, പലസ്തീൻ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടൽ എന്നിവയുള്ള റിപ്പോർട്ടുകളും സംപ്രേക്ഷണം ചെയ്യണമെന്ന അൽ ജസീറയുടെ നിർബന്ധത്തിനു മറുപടിയായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റാമല്ലയിലെ നെറ്റ്‌വർക്കിന്റെ ഓഫീസിന് ബുധനാഴ്ച സസ്പെൻഷൻ ഉത്തരവ് ലഭിച്ചതായി അൽ ജസീറ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പിന്നീട് ബുധനാഴ്ച, പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥർ റാമല്ലയിലെ നെറ്റ്‌വർക്കിന്റെ ഓഫീസിൽ പ്രവേശിച്ച് സസ്‌പെൻഷൻ ഉത്തരവുകൾ കൈമാറുന്നതിന്റെ ചിത്രങ്ങൾ ചാനൽ സംപ്രേഷണം ചെയ്‌തെങ്കിലും പലസ്തീനിയൻ അതോറിറ്റിയുടെ നീക്കത്തോട് ചാനലിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. നെറ്റ്‌വർക്ക് നിരോധിക്കാനുള്ള തീരുമാനത്തെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് അപലപിച്ചു.

Latest News