“ഞാൻ അവനിൽ നിന്ന് ഫോൺ വാങ്ങി ലൈനിലുള്ള ആളുമായി സംസാരിച്ചു. താൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം നിങ്ങൾക്ക് വീട് ഒഴിയാൻ അഞ്ച് മിനിറ്റ് സമയമുണ്ട് എന്നും”- പാലസ്തീൻകാരനായ കമൽ നാഥാന്റെ വാക്കുകളാണ് ഇത്. ഫോണിൽ തന്നെ വിളിച്ച ആൾ പറയുന്നത് പെട്ടെന്ന് മനസിലാക്കുവാൻ കഴിഞ്ഞില്ല. എന്നാൽ ഇസ്രായേലിൽ നിന്ന് മിസൈൽ പതിക്കുന്നതിനു മുൻപുള്ള അജ്ഞാത സന്ദേശം ആയിരുന്നു ആ ഫോൺ കോൾ. വൈകാതെ തന്നെ ഇസ്രായേൽ ആക്രമണം ആ മേഖലയിൽ ശക്തമാക്കുകയും ചെയ്തു.
ഒമ്പത് മാസത്തിനിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും രൂക്ഷമായ വ്യോമാക്രമണത്തിന്റെ ഇരകളായിരുന്നു ഇവർ. പലസ്തീൻ പ്രദേശത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദിലെ ആറ് പ്രമുഖ വ്യക്തികളെയെങ്കിലും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ എന്ന് പറയുമ്പോഴും അതിൽ കൊല്ലപ്പെട്ടവരിൽ പത്തോളം സാധാരണ പൗരന്മാരും ഉണ്ടായിരുന്നു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം നടത്തുന്ന രാജ്യങ്ങൾ. അവയ്ക്കിടയിൽ കുടുങ്ങിയ സാധാരണക്കാരായ ജനങ്ങളും.
കഴിഞ്ഞയാഴ്ച നടന്ന പോരാട്ടത്തിൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 33 പാലസ്തീനികൾ കൊല്ലപ്പെട്ടു, ഇസ്രായേലിൽ രണ്ട് പേർ. ഒരു ഇസ്രായേലിയും ഒരു പാലസ്തീനിയും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 1,200-ലധികം പാലസ്തീനികളെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തെരുവിലാക്കി.
ശനിയാഴ്ച വൈകി വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിന് തൊട്ടുമുമ്പ് തീവ്രവാദികളുടേത് എന്ന് കണക്കാക്കപ്പെടുന്നതിനു സമാനമായ കെട്ടിടങ്ങൾക്കു നേരെയും ആക്രമണം നടത്തിയിരുന്നു. കെട്ടിടങ്ങളിൽ ബോംബിടുന്നതിന് മുമ്പ് താമസക്കാരെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകി എങ്കിലും രക്ഷപ്പെട്ട ആളുകളിൽ പലർക്കും തിരികെ ചെന്ന് കയറുവാൻ ഒരിടം ഇല്ലാതായി. അപ്പാർട്ട്‌മെന്റ് ബ്ലോക്കുകളെ മുഴുവൻ വീഴ്ത്തുന്ന ഈ ആക്രമണങ്ങൾ പാലസ്തീനിലെ ജിഹാദികൾക്കു നേരെയാണ് നടന്നതെങ്കിലും ഫലത്തിൽ നഷ്ടങ്ങൾ ഏറെയും സാധാരണ ജനത്തിനായിരുന്നു.