പാക്കിസ്ഥാന് – ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ പാലസ്തീന് പതാക വീശി ഹമാസ് ആക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത നാലു പ്രതികളെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോഴായിരുന്നു കാണികള്‍, കൈവശം കരുതിയിരുന്ന പലസ്തീന് പതാക വീശിയത്. ഇത് ശ്രദ്ധിച്ച പൊലീസ്, പതാക വീശിയ യുവാക്കളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സ്റ്റേഡിയം വിടാന്ശ്രമിച്ചു. ഇവരെ പിന്തുടര്ന്ന് കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബല്ലി, എക്ബല്‍പൂര്‍, കാരയ പൊലീസ് സ്റ്റേഷന് പരിധിയിലുള്ളവരാണ് പ്രതികള്‍.
അതേസമയം, മൂന്നോ നാലോ പേര് യുദ്ധത്തിനെതിരായ പ്രതിഷേധസൂചകമായി പലസ്തീന് പതാക ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്നും സംഭവം വിവാദമാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പിടിയിലായ ഷെഹ്നാസ് പറഞ്ഞു. ഗാലറിയില്‍ പാലസ്തീന് പതാക വീശുന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയിലുള്ള മൂന്നുപേരില്‍ ഒരാള്‍ പലസ്തീന്റെയും ബംഗ്ലാദേശിന്റെയും പതാകകള്‍ പിടിച്ചിരുന്നതായും കാണാം