മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങള്‍ 1947 ജൂണ്‍ 15 പാണക്കാടാണ് ജനിച്ചത്. ശരീഫ ഫാത്തിമ സുഹ്റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ് എന്നിവരാണു മക്കള്‍. ഇളയ മകന്‍ മുഈനലി. മരുമക്കള്‍: സയിദ് നിയാസ് ജിഫ്രി തങ്ങള്‍, സയിദ് ഹസീബ് സഖാഫ് തങ്ങള്‍.
നിലവില്‍ സമസ്തയുടെ ഉപാധ്യക്ഷനായിരുന്നു. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു തങ്ങള്‍. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.
ചന്ദ്രിക ദിനപത്രം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ഹൈദരലി തങ്ങള്‍ 2009ല്‍ ആണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു മുസ്ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. പാണക്കാട് തങ്ങള്‍ കുടുംബത്തിന് ലീഗ് അധ്യക്ഷപദവി എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു നേതൃത്വം ഏറ്റെടുത്തത്.
മുസ്ലിം ലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി ഹൈദരലി തങ്ങള്‍ക്കാണ്.
ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. ഇക്കാരണത്താലാണ് മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
ഒരു പതിറ്റാണ്ടിലേറെ മുസ്ലിം ലീഗിനെ നയിച്ച അനിഷേധ്യ നേതാവാണ് വിടവാങ്ങിയത്. ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം മതകാര്യങ്ങളെ നയിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട്.