Tuesday, November 26, 2024

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: കശ്മീരിലേക്കും പാകിസ്താനിലേക്കും ഫോണ്‍കോളുകള്‍ പോയതായി കണ്ടെത്തല്‍

ഒരുവര്‍ഷംമുമ്പ് കോഴിക്കോട്ട് പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് വഴി പതിനായിരത്തോളം ഫോണ്‍വിളികള്‍ കശ്മീരിലേക്ക് പോയതായി അന്വേഷണസംഘം കണ്ടെത്തി. ആറുമാസത്തെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ പാകിസ്താനിലേക്കും ഫോണ്‍വിളികള്‍ പോയിട്ടുണ്ട്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍കോളിന്റെ സ്രോതസ്സും ആരെയാണ് വിളിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് കേസന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച്. സൂത്രധാരന്മാരായ മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ്, കോഴിക്കോട് ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീര്‍ എന്നിവരുടെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് നാല്‍പത് കോടിയോളം രൂപ വന്നിട്ടുണ്ട്. ഇതില്‍ 10 കോടി ഷബീറിന്റെ അക്കൗണ്ടിലേയ്ക്കാണെത്തിയത്.

രാജ്യരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടെ എക്സ്ചേഞ്ച് വഴി നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് സിറ്റി ക്രൈംബ്രാഞ്ച് കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

 

Latest News