Monday, November 25, 2024

തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്! മാതാപിതാക്കള്‍ അറിയാന്‍, ഒരു അമ്മ എഴുതുന്നത്

കുഞ്ഞുങ്ങള്‍ എന്തെങ്കിലും വികൃതിയോ തെറ്റോ കാണിച്ചാല്‍ അടി കൊടുക്കുന്ന രക്ഷിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. കുഞ്ഞുങ്ങളെ ശരിക്കും അടികൊടുത്താണോ വളര്‍ത്തേണ്ടത്? ആന്‍സി വിഷ്ണു എന്ന അമ്മ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുഞ്ഞുങ്ങളെ പേടിപ്പിച്ചും തല്ലിയും വളര്‍ത്തിയാല്‍ ഉണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചാണ് ആന്‍സി പോസ്റ്റില്‍ പറയുന്നത്.

തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്. നമ്മുടെ നാട്ടുപുറങ്ങളില്‍ കണ്ട് വരുന്ന ഒരു രീതിയുണ്ട് കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണം എന്ന രീതി, എന്തിനെയെങ്കിലും പറഞ്ഞ് പേടിപ്പിച്ച്, തല്ലിയോ വടി കാണിച്ചോ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോട് പൊതുവെ യോജിക്കാന്‍ കഴിയില്ലെന്നും ആന്‍സി കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം…

തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്. നമ്മുടെ നാട്ടുപുറങ്ങളില്‍ കണ്ട് വരുന്ന ഒരു രീതിയുണ്ട് കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണം എന്ന രീതി. എന്തിനെയെങ്കിലും പറഞ്ഞ്് പേടിപ്പിച്ച്, തല്ലിയോ വടി കാണിച്ചോ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോട് എനിക്ക് പൊതുവെ യോജിക്കാന്‍ കഴിയില്ല, അങ്ങനെ പേടിപ്പിച്ച് കുഞ്ഞുങ്ങളില്‍ അനുസരണ ശീലം വളര്‍ത്താം എന്നൊരു ധാരണയും തെറ്റാണ്.

വീട്ടില്‍ തനുവിനെ ഞാന്‍ ഉള്‍പ്പെടെ അച്ഛനും അമ്മയും എല്ലാവരും എന്തെങ്കിലും ഒന്ന് പറഞ്ഞ് പേടിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയോ, ഉറക്കുകയോ, അനുസരിപ്പിക്കുകയോ ചെയ്യുമായിരുന്നു. പിന്നീട് അവന്റെ രീതികള്‍ മാറി തുടങ്ങി. എല്ലാത്തിനോടും വല്ലാത്തൊരു പേടി കാണിച്ച് തുടങ്ങി, ആള്‍ക്കൂട്ടങ്ങളെ കാണുന്നതും, വീട് അല്ലാതെ മറ്റൊരിടത്ത് പോകുന്നതും, അവനില്‍ വല്ലാത്ത ഭയവും കരച്ചിലും ഉണ്ടാക്കി.

പരിചയമില്ലാത്ത ഒരാളെ കാണുവാന്‍ ഇടയായാലോ ആരെങ്കിലും അതിഥികള്‍ വീട്ടില്‍ വന്നാലോ തനു കരഞ്ഞ് തളരുമായിരുന്നു. രാത്രിയില്‍ ഞെട്ടി എഴുന്നേറ്റ് ഭയങ്കര ശബ്ദത്തില്‍ കരയുവാനും തുടങ്ങിയതോടെയാണ് ഞാന്‍ കുഞ്ഞുമായി ഡോക്ടറെ കാണാന്‍ പോകുന്നത്. കാര്യങ്ങളും എന്റെ വേവലാതികളും ഡോക്ടറോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഇങ്ങനെ പോയാല്‍ കുഞ്ഞ് വലുതാകുമ്പോള്‍ അവനില്‍ ഒരു മെന്റല്‍ disorder, പേഴ്‌സണാലിറ്റി disorder ഒക്കെ വരാന്‍ സാധ്യത ഉണ്ടെന്നാണ്.

കരഞ്ഞ്് കൊണ്ടാണ് ഞാന്‍ ഡോക്ടറെ കേട്ട് കൊണ്ടിരുന്നത്. എല്ലാം കേട്ടതിനു ശേഷം ഞാന്‍ ഡോക്ടറോട് ചോദിച്ചു. What next എന്ന്, ഇപ്പോള്‍ കുഞ്ഞില്‍ ഒരു പേടി നിലനില്‍ക്കുന്നുണ്ട്. അതിന് ആദ്യം വേണ്ടത് അവന് കുറച്ച് കൂടുതല്‍ explore ചെയ്യാന്‍ അവസരങ്ങള്‍ നല്‍കുകയാണ് എന്നാണ്. ബീച്ചില്‍, പാര്‍ക്കില്‍ ഒക്കെ കുഞ്ഞുമായി പോകുക, പുതിയ ആളുകളെ കാണുവാനും പരിചയപെടുവാനും അവസരം ഒരുക്കുക എന്നത് ഒക്കെയാണ്.

രണ്ടാമത്തെ കാര്യം തനു അമ്മയോട് വല്ലാത്ത ആത്മബന്ധം ഉള്ള കുട്ടിയാണ്, അമ്മയില്‍ നിന്ന് അച്ഛനിലേക്കും അപ്പൂപ്പനിലേക്കും അമ്മുമ്മയിലേക്കും കുഞ്ഞ്് വളരണം. ശരിയാണ് ഒന്ന് കുളിക്കുവാനോ ഭക്ഷണം കഴിക്കുവാനോ പോലും തനു സമ്മതിക്കുമായിരുന്നില്ല. എന്നോടൊപ്പമല്ലാതെ മറ്റ് ആരോടൊപ്പവും അവന്‍ ഇണങ്ങിയില്ല. ആ രീതിയും അവന്റെ വ്യക്തിത്വത്തെ വല്ലാതെ ബാധിക്കും എന്ന വേവലാതിയില്‍ ഞാനും തനുവിന്റെ നല്ല മാനസിക വളര്‍ച്ചക്ക് വേണ്ടി തയ്യാറെടുത്തു. കുഞ്ഞിനെ ആരും ഒന്നും പറഞ്ഞ്് പേടിപ്പിക്കുവാനോ അനുസരിപ്പിക്കുവാനോ ശ്രമിക്കുന്നത് ഞാന്‍ തടഞ്ഞു. അവന് അവന്റെ വിശാലമായ ലോകം ഞാനും വിഷ്ണു ഏട്ടനും തുറന്ന് നല്‍കി.

ജോലി കഴിഞ്ഞ് വന്നാലുടന്‍ കുഞ്ഞുമായി ബീച്ചില്‍ പോയി, അങ്ങനെ അങ്ങനെ കുഞ്ഞുമായി ഞങ്ങള്‍ ഒത്തിരി കറങ്ങി, തനു പതുക്കെ എല്ലാവരിലേക്കും ഇണങ്ങുവാന്‍ തുടങ്ങി. അവന് അപരിചിതരില്‍ ഉള്ള പേടി മാറി തുടങ്ങി. അടുത്ത പടി എന്നില്‍ നിന്ന് അകന്ന് നില്‍ക്കുവാന്‍ കൂടി അവനെ പഠിപ്പിക്കുക എന്നതായിരുന്നു, എന്നോടുള്ള attachment കുറഞ്ഞാല്‍ മാത്രമേ കുഞ്ഞ്് മറ്റുള്ളവരോട് പരിചയം കാണിക്കുകയും, ഇടപെടുകയും ചെയ്യൂ എന്ന ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ അതിന് വേണ്ടി ബാത്റൂമില്‍ ഒളിച്ചിരുന്നു. ഒരു കാര്യവും ഇല്ലാതെ പുറത്ത് പോയി വളരെ വൈകി വീട്ടില്‍ എത്തി. കൂടുതല്‍ സമയവും അപ്പൂപ്പനോടും അമ്മുമ്മയോടും കൂടെ കളിക്കാന്‍ കുഞ്ഞിന് അവസരം നല്‍കി,…

ഒരു രണ്ട് മാസം കൊണ്ട് തനു കൂടുതല്‍ മിടുക്കനായി, അവന്‍ എല്ലാവരോടും ചിരിക്കാന്‍ തുടങ്ങി, അയല്‍പക്കത്തെ വീടുകളിലെ കുട്ടികളുമായി കൂട്ടായി, അവന്റെ ഉള്ളില്‍ ഉണ്ടായിരുന്ന പേടികളൊക്കെ ഞാനും വിഷ്ണുവും അവന്റെ ഡോക്ടറും കൂടി കാറ്റില്‍ പറത്തി. ഇപ്പോഴും തനുവിന് ഏറ്റവും പ്രിയം എന്നോടാണ് എങ്കിലും അവന്‍ ചുറ്റുപാടുകളോട് കൂടി ചിരിക്കുവാന്‍ പഠിച്ചു.

ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ ഭാവിയില്‍ വലിയൊരു മെന്റല്‍ disorder ആകുമായിരുന്ന പ്രശ്‌നത്തെ ഞങ്ങള്‍ അതിജീവിച്ചു. അമ്മയാകുവാന്‍ പോകുന്നവരോടാണ്, അമ്മയായവരോടാണ്, കുഞ്ഞുങ്ങളെ അവരുടെ വളര്‍ച്ച കാലഘട്ടത്തില്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്, ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കേണ്ടതുണ്ട്,
അവരോടൊപ്പം നമ്മളും വളരുകയാണ്, കുഞ്ഞുങ്ങള്‍ നാളത്തെ താരങ്ങളാണ്. തല്ലിയോ, പേടിപ്പിച്ചോ, കുഞ്ഞിന്റെയുള്ളില്‍ അനാവശ്യമായ ഭയം നിറച്ചോ അല്ല അവരെ വളര്‍ത്തേണ്ടത്.

നിങ്ങള്‍ അമ്മയാണ്, അമ്മയോളം കുഞ്ഞിന്റെ മേല്‍ അവകാശം മറ്റ് ആര്‍ക്കുമില്ല, കുഞ്ഞിന് വേണ്ടി തീരുമാനങ്ങള്‍ എടുക്കേണ്ടത് നിങ്ങളാണ്, you have the right ഏറ്റവും മനോഹരമായ ആ അവകാശം അമ്മമാര്‍ക്ക് മാത്രമുള്ളതാണ്. കുഞ്ഞ് മനസ്സില്‍ ചെറിയ പേടിപ്പിക്കലുകള്‍ ഉണ്ടാക്കുന്നത് വലിയ മുറിവായിരിക്കും, ഭാവിയില്‍ അവര്‍ക്ക് അകാരണമായ ഒരു ഭയം നിലനില്‍ക്കും, അച്ഛനും അമ്മയും കുഞ്ഞിന് ശത്രുവാകും, അരുത് അരുത് അരുത്..

സ്‌നേഹം കൊണ്ടാണ് കുഞ്ഞുങ്ങളില്‍ അനുസരണ ശീലം ഉണ്ടാക്കേണ്ടത്, വാത്സല്യം കൊണ്ടാണ് കുഞ്ഞുങ്ങളില്‍ ജീവിതം കെട്ടിപടുക്കേണ്ടത്. എന്റെ ഏറ്റവും വലിയ, മൂല്യമുള്ള Asset എന്റെ കുഞ്ഞാണ്, അവരെ ഒരു പേടിക്കും, വേവലാതിക്കും വിട്ട് കൊടുക്കില്ലെന്ന് നമ്മള്‍ അമ്മമാര്‍ തീരുമാനിക്കണം, ആ തീരുമാനം കൊണ്ട് ഈ ലോകം മാറും, ഇനി ജനിക്കുന്ന ഒരു കുഞ്ഞും കൊലപാതകിയോ, മയക്കു മരുന്ന് ഉപയോഗിക്കുന്നവനോ, നന്മ നശിച്ചവനോ ആകാതിരിക്കാന്‍ നമുക്ക് ആദ്യം നല്ല അച്ഛനും അമ്മയുമാകാം…

 

Latest News