ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം നല്‍കി ഫ്രഞ്ച് പാര്‍ലമെന്റ്. കുട്ടികളുടെ ചിത്രങ്ങള്‍ ഇനി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പാര്‍ലമെന്റ് അംഗം ബ്രൂണോ സ്റ്റഡര്‍ അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി അംഗീകാരം നല്‍കി നടപ്പിലാക്കിയത്. പുതിയ നിയമപ്രകാരം കുട്ടികളുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണെങ്കില്‍ അത് ശിക്ഷാര്‍ഹമായ കുറ്റകരമായാണ് കണക്കാക്കുക. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കായിരിക്കുമെന്നും നിയമത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിയമം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുന്നതിന് ഇനി സെനറ്റിന്റെ കൂടി അംഗീകാരം ആവശ്യമുണ്ട്. ഔദ്യോഗികമായി നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് തന്നെ പ്രസിഡന്റ് പരസ്യ വിളബരം നടത്തും.
മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ചിത്രങ്ങളില്‍ സമ്പൂര്‍ണ്ണാവകാശമില്ലെന്ന് പഠിപ്പിക്കുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ബ്രൂണോ സ്റ്റഡര്‍ പറഞ്ഞു. ഫ്രാന്‍സില്‍ 13 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടേതായി ശരാശരി 13,000 ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതെന്ന് നിയമം അവതരിപ്പിച്ചുകൊണ്ട് എംപി ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുവാനുള്ള സാധ്യത ഏറെയാണ്.
കുട്ടികളുടെ അശ്ലീലചിത്രങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന 50 ശതമാനം ചിത്രങ്ങളും മാതാപിതാക്കള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചവയാണ്. ഇതിന്റെ പരിണിത ഫലമായി കുട്ടി വിവിധയിടങ്ങളില്‍ വേട്ടയാടപ്പെടാനുള്ള സാഹചര്യവും ഏറെയാണെന്ന് ബ്രൂണോ സ്റ്റഡര്‍ കൂട്ടിച്ചേര്‍ത്തു.