ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടക്കുക. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കും. 2018 മുതല്‍ പരീക്ഷാ പേ ചര്‍ച്ച വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വര്‍ഷവും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നു.
വാര്‍ഷിക പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംവാദ പരിപാടിയാണിത്. ഈ വര്‍ഷം, 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രജിസ്‌ട്രേഷനില്‍ മുന്‍വര്‍ഷത്തേക്കാള്‍ 15 ലക്ഷം വര്‍ധനവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
ഈ സംവാദ പരിപാടി ഡിഡി നാഷണല്‍, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നിവയിലൂടെ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. റേഡിയോ ചാനലുകള്‍ (ഓള്‍ ഇന്ത്യ റേഡിയോ മീഡിയം വേവ്, ഓള്‍ ഇന്ത്യ റേഡിയോ എഫ്എം ചാനല്‍), പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദര്‍ശന്‍, MyGov.in, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനല്‍ എന്നിവയിലെ തത്സമയ വെബ് സ്ട്രീമിംഗ് വഴിയും സംവാദം കാണാന്‍ സാധിക്കും. ടിവി സംപ്രേക്ഷണത്തിന് പുറമെ, എഡ്യൂസാറ്റ് വഴിയും ഇന്റര്‍നെറ്റ് വഴിയും സംവാദം തത്സമയം കാണാനുള്ള സൗകര്യമുണ്ട്.