പാരീസ് ഒളിമ്പിക്സിനായി നിര്‍മ്മിച്ച മണി ഇനി ലോകത്തിലെ വലിയ ചരിത്രപ്രാധാന്യമുള്ള കത്തീഡ്രലുകളിലൊന്നായ നോട്രെ ഡാം കത്തീഡ്രലില്‍ മുഴങ്ങും. ഡിസംബറില്‍ നോട്രെ ഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സമയത്ത് അതേ മണി മുഴങ്ങും.
ഫ്രാന്‍സിലെ ഏറ്റവും വലിയ പള്ളികള്‍ക്കും കത്തീഡ്രലുകള്‍ക്കും, പ്രത്യേകിച്ച് ഒളിമ്പിക് ഗെയിംസിനുവേണ്ടിയുള്ള മണികള്‍ നിര്‍മ്മിക്കുന്ന കോര്‍ണിലി ഹവാര്‍ഡ് ഫൗണ്ടറിയാണ് 1,103 പൗണ്ട് ഭാരമുള്ള ഈ മണി നിര്‍മ്മിച്ചത്. നോര്‍മണ്ടിയിലെ വില്ലെഡിയു-ലെസ്-പോയല്‍സ് എന്ന ചെറിയ ഫ്രഞ്ച് കമ്മ്യൂണിലാണ് ഫൗണ്ടറി സ്ഥിതിചെയ്യുന്നത്. 2013-ല്‍, കോര്‍ണിലി ഹാവാര്‍ഡ് ഫൗണ്ടറി അതിന്റെ 850-ാം വാര്‍ഷികത്തോടനുബന്ധിച്ച് നോട്രെ ഡാമിനായി പുതിയ ഒമ്പതു മണികള്‍ നിര്‍മ്മിച്ചു. 2019 ഏപ്രില്‍ 15-ന് നോട്രെ ഡാമിലുണ്ടായ തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഈ ഒമ്പതു മണികളില്‍ എട്ടെണ്ണം പുനഃസ്ഥാപിച്ചത് ഈ ഫൗണ്ടറിയാണ്.
ഈ ഒളിമ്പിക് ബെല്‍, കത്തീഡ്രലിനുള്ളില്‍ ഓര്‍ഗനിനോടു ചേര്‍ന്നുള്ള മറ്റ് രണ്ടു മണികള്‍ക്കൊപ്പം വയ്ക്കും. നോട്രെ ഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയില്‍ ഈ മൂന്ന് മണികളും ഒരുമിച്ചു മുഴങ്ങും.