Tuesday, November 26, 2024

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; കേന്ദ്ര ബജറ്റ് നാളെ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും.

രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സര്‍വേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി പദവി ഏറ്റെടുത്ത ശേഷം ദ്രൗപദി മുര്‍മു ഇരുസഭകളിലേക്കും നടത്തുന്ന ആദ്യ പ്രസംഗമായിരിക്കും ഇത്.

ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഏപ്രില്‍ ആറ് മുതല്‍ രണ്ട് ഘട്ടമായി നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ 27 സിറ്റിങ്ങുകളുണ്ടാകും. 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച, ബജറ്റ് ചര്‍ച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാര്‍ച്ച് 13-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തില്‍ ഉപധനാഭ്യര്‍ത്ഥനകളും ബജറ്റും ചര്‍ച്ച ചെയ്ത് അംഗീകരിക്കും.

കഴിഞ്ഞ ദിവസം ബജറ്റിന് മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പാര്‍ലമെന്റില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് യോഗത്തിന് ശേഷം പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. 2024 തിരഞ്ഞെടുപ്പിന് മുന്‍പുള്ള സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാകുമിത്.

Latest News