Monday, November 25, 2024

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും. ഗോട്ടബയ രാജപക്‌സയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കര്‍ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെ ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു.

എന്നാല്‍ ഗോട്ടബയയുടെ വിശ്വസ്ഥനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടര്‍ച്ച നടത്താണ് ഗോട്ടബയയുടെ നീക്കമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ റെനില്‍ വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. വിക്രസിംഗെ തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോപകരുടെ തീരുമാനം.

 

Latest News