മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാര്‍ലമെന്റ് അംഗത്വം രാജി വച്ചു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി നേരിടേണ്ടിവരുമെന്നു ബോധ്യമായതിനു പിന്നാലെയാണ് ബോറിസ് ജോൺസന്റെ അപ്രതീക്ഷിത നീക്കം. യുകെ സര്‍ക്കാരിനോടുള്ള കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കോവിഡ് കാലത്ത് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് സർക്കാർ കെട്ടിടങ്ങളിൽ ബോറിസ് ജോൺസൺ നിരവധി യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പിന്നീട് ഈ സമ്മേളനങ്ങളെക്കുറിച്ച് പാർലമെന്റിൽ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു എന്നാണ് അദ്ദേഹത്തിനു നേരെ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്ന് ഹൗസ് ഓഫ് കോമൺസ് സ്റ്റാൻഡേർഡ് കമ്മിറ്റി സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചു. പിന്നീട് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനായി അദ്ദേഹം കാത്തിരിക്കുകയുമായിരുന്നു. പ്രസ്താവനകളിൽ, നിയമനിർമ്മാതാക്കൾ നടത്തിയ അന്വേഷണത്തിന്റെ ഫലങ്ങൾ ലഭിച്ചതിനു ശേഷമാണ് ജോൺസന്റെ രാജി.
“തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നു. തന്റെ രാഷ്ട്രീയജീവിതം ഇനിയും അവസാനിച്ചിട്ടില്ല. പാർലമെന്റ് വിടുന്നത് വളരെ സങ്കടകരമാണ്; പ്രത്യേകിച്ച് ഈ സമയത്ത്” – അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടപടി സ്വീകരിച്ച സര്‍ക്കാരിനെയും രാഷ്ട്രീയ എതിരാളികളേയും രാജിപ്രഖ്യാപനത്തില് ബോറിസ് ശക്തമായി വിമര്‍ശിച്ചു. സർക്കാർ, പ്രതിപക്ഷ പാർട്ടികൾ അടങ്ങുന്ന അന്വേഷണസമിതിയെ ‘കങ്കാരു കോടതി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് നിയമനിർമ്മാതാക്കൾക്ക് ഉറപ്പു നൽകിയപ്പോഴും പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി ജോൺസൺ സമ്മതിച്ചു; എന്നാൽ താൻ മനഃപൂർവ്വം അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ അമിതമായി ജോലി ചെയ്യുന്ന സ്റ്റാഫ് അംഗങ്ങൾക്കിടയിൽ മനോവീര്യം വർദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള, ജോലിയിടത്തെ നിയമപരമായ ഒത്തുചേരലുകള്‍ മാത്രമാണ് നടത്തിയതെന്നും സമിതിയോട് അദ്ദേഹം വിശദീകരിച്ചിരുന്നു.