സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്ത ആളുകളെ കൈവിലങ്ങ് അണിയിക്കരുതെന്നും ബലാത്സംഗം, കൊലപാതകം തുടങ്ങി മറ്റ് ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെപ്പോലെ കണക്കാക്കരുത് എന്നും പാര്‍ലമെന്ററി പാനല്‍ ശുപാര്‍ശ. ബിജെപി എംപി ബ്രിജിലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ മുന്നോട്ടു വെച്ചത്.
ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന വ്യക്തികള്‍ രക്ഷപ്പെടുന്നത് തടയുന്നതിനും, അറസ്റ്റിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് വിലങ്ങ് അണിയിക്കുന്നത് എന്ന കാര്യവും പാര്‍ലമെന്ററി പാനല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ‘സാമ്പത്തിക കുറ്റകൃത്യങ്ങള്‍’ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് സമിതിയുടെ നിലപാട്.
കാരണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്ന ഗണത്തില്‍ നിസാരമായതു മുതല്‍ ഗുരുതരമായതു വരെ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാം. അതിനാല്‍, ഈ വിഭാഗത്തില്‍ പെടുന്ന എല്ലാ കേസുകളിലും കൈവിലങ്ങ് വേണ്ടതില്ല എന്നും പാനല്‍ പറഞ്ഞു. അതേസമയം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ള കുറ്റവാളിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് കൈവിലങ്ങ് ഉപയോഗിക്കാം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ക്ലോസ് 43 (3) ന്റെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതിന് അനുയോജ്യമായ ഒരു ഭേദഗതി കൊണ്ടുവരണമെന്നും പാര്‍ലമെന്റരി കമ്മിറ്റി ശുപാര്‍ശ ചെയ്തു. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച രാജ്യസഭയുടെ മുന്‍പാകെ സമര്‍പ്പിച്ചു.