ദക്ഷിണ കൊറിയൻ വിമാനക്കമ്പനിയായ എയർ ബുസാന്റെ എയർബസ് വിമാനത്തിന്, ചൊവ്വാഴ്ച ഹോങ്കോങ്ങിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടെ രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിച്ചതായി അഗ്നിശമനസേന അറിയിച്ചു.
169 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും വിമാനത്തിൽനിന്ന് മാറ്റിയതായും മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റതായും ബുസാനിലെ അഗ്നിശമനസേനാ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 10.30 നു മുമ്പാണ് വിമാനത്തിനുള്ളിൽ തീപിടിത്തമുണ്ടായ വിവരം അഗ്നിശമനസേനയെ അറിയിച്ചത്. വിമാനത്തിന്റെ വാലിൽനിന്നാണ് ഇത് ആരംഭിച്ചതെന്ന് ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി പറഞ്ഞു.
ദക്ഷിണ കൊറിയയിലെ ഏറ്റവും മാരകമായ വ്യോമദുരന്തം നടന്ന് കേവലം ഒരുമാസം കഴിഞ്ഞപ്പോഴാണ് മറ്റൊരു അപകടം സംഭവിക്കുന്നത്.