സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ക്ഷാമം. അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ആശുപത്രികളില്‍ എത്താതായതോടെ സര്‍ജറികള്‍ മാറ്റിവക്കേണ്ട സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ട്. പനഡോള്‍, ഇന്‍സുലിന്‍, ബ്രൂഫെന്‍, ഡിസ്പിരിന്‍, കാല്പോള്, ടെഗ്രല്‍, ബുസ്കോപാന്‍, റിവോട്രില്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം.
പാകിസ്ഥാനില്‍ മരുന്ന് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഭൂരിഭാഗം മരുന്നും വിദേശരാജ്യങ്ങളില്‍നിന്നാണ് വാങ്ങുന്നത്. ഡോളറിന്റെ ക്ഷാമവും പാക് രൂപയുടെ വിലയിടിവും കാരണം ഇറക്കുമതി ഫലപ്രദമായി നടക്കുന്നില്ല. ശമ്പളം നല്‍കുന്നതും ധനബില്ലുകള്‍ പാസാക്കുന്നതും പാകിസ്ഥാന് നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രാദേശിക മരുന്നു നിര്‍മാതാക്കള്‍ താല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തിവച്ചതോടെ മരുന്നുകള്‍ ലഭിക്കാതെ രോഗികള്‍ വലയുകയാണ്. മരുന്നുകളുടെയും മറ്റു മെഡിക്കല്‍ സാമഗ്രികളുടെയും ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയ വരെ ഡോക്ടര്‍മാര്‍ മാറ്റിവയ്ക്കുകയാണ്.
ഹൃദയ, അര്‍ബുദ, വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള അടിയന്തര ശസ്ക്രിയകള്ക്കായി രാജ്യത്തെ ഓപറേഷന് തീയറ്ററുകളില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടിയുള്ള അനസ്തെറ്റിക് മരുന്നുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യമേഖലയിലെ പ്രതിസന്ധി തൊഴില്നഷ്ടങ്ങള് വര്‍ധിപ്പിക്കുകയും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യും.