Monday, November 25, 2024

സമാധാന ദൗത്യ സംഘം വിഴി‍ഞ്ഞത്തേക്ക്

വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ ഇന്ന് സമാധാന ദൗത്യ സംഘം സന്ദർശിക്കും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഇന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.

കഴിഞ്ഞ മാസം അവസാനം സമരക്കാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് വിഴിഞ്ഞത്ത് ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് സഭാധികാരികള്‍ സമാധാന ശ്രമവുമായി രംഗത്ത് വരുകയും, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് സമാധാന ദൗത്യ സംഘം എത്തുന്നത്.

ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പോലീസുകരെയും സംഘം സന്ദർശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സമരം ഒത്തുതീർപ്പാക്കുന്നതിനായുള്ള സമവായ ചർച്ചകളും തുടരുകയാണ്.

അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ലത്തീൻ അതിരൂപതാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിലെ സമവായ നീക്കങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സമരസമിതി യോഗവും ചേർന്നേക്കും.

Latest News