Friday, April 4, 2025

പെലെ പൊരുതി; കളിക്കളത്തിലും ജീവിതത്തിലും

രണ്ട് കാലുകളാലും പന്ത് ഉരുട്ടി മൈതാനത്തിലൂടെ മിന്നൽവേഗത്തിൽ എതിരാളികളുടെ ഗോൾവല ചലിപ്പിക്കുന്ന ആ പത്താം നമ്പരുകാരനെ ഫുട്‌ബോൾ പ്രേമികൾ മറക്കാൻ വഴിയില്ല. കളിക്കളത്തിൽ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി കണ്ട് ഗോൾവല ലക്ഷ്യമാക്കി ഫുട്‌ബോൾ ശരങ്ങൾ തൊടുക്കണമെങ്കിൽ അതിനു പിന്നിൽ ബ്രസീലിന്റെ പത്താം നമ്പർ താരമാകണം, പെലെ തന്നെയാകണം അത്. ലോക ഫുട്‌ബോൾ പ്രേമികൾക്ക് കാല്പന്ത് കളിയെ ആവേശത്തോടെ നോക്കാൻ പ്രേരിപ്പിച്ച ആ കറുത്ത മുത്ത് യാത്രയാവുകയാണ്; കളിക്കളത്തിൽ നിന്നും ഒപ്പം ലോകത്തിൽ നിന്നും. ഫുട്‌ബോളിനെയും ബൂട്ടിനെയും സ്‌നേഹിച്ച പെലെ എന്ന ബ്രസീലിയിൻ ഇതിഹാസം തന്റെ എൺപത്തിരണ്ടാം വയസിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും യഥാർത്ഥ പോരാളിയായാണ് ഫുട്‌ബോൾ കളിയുടെ തമ്പുരാൻ വിട ചൊല്ലുന്നത്. ദീർഘനാളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. രോഗത്തിന്റെ കടുത്ത വേദനകളിലും പുഞ്ചിരി തൂകിയിരുന്ന പെലെ യഥാർത്ഥത്തിൽ അർബുദത്തോടും പോരാടുകയായിരുന്നു. ഗോൾവല നിറയ്ക്കാൻ പാഞ്ഞടുക്കുന്ന എതിരാളികളുടെ മധ്യത്തിൽ നിന്നുകൊണ്ട് എതിർവല നിറയ്ക്കുന്ന പെലെയുടെ ശൈലിയാണ് രോഗത്തോടുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിലും കണ്ടിരുന്നത്. ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരം അങ്ങനെയാകണമല്ലോ.

ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റലിൽ പെലെയെ പ്രവേശിപ്പിച്ചത്. വൻകുടലിലായിരുന്നു അദ്ദേഹത്തിന് അർബുദം. ഹൃദയസംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ വേട്ടയാടിയിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ഫുട്‌ബോൾ ചരിത്രത്തിൽ മൂന്ന് ലോക കിരീടങ്ങൾ സ്വന്തമാക്കിയ ഏക ഫുട്‍ബോൾ താരം, ഫുട്‌ബോൾ താരമായ അഭിനേതാവ് തുടങ്ങി മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടങ്ങളാണ് എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ എന്ന പെലെയോട് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ‘കറുത്ത മുത്ത്’ എന്ന് സ്നേഹത്തോടെ കാല്പന്ത് കളിപ്രേമികൾ വിശേഷിപ്പിക്കുന്ന പെലെ, ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ രക്ഷകനായി പലപ്പോഴും മൈതാനത്ത് അവതരിച്ചിട്ടുണ്ട്.

പത്താം നമ്പർ ജേഴ്സിയിൽ ബ്രസീൽ ദേശീയ ടീമിൽ തിളങ്ങിയിരുന്ന ഐതിഹാസിക താരത്തിനു ശേഷം ഈ നമ്പർ ജേഴ്സിയിൽ തിളങ്ങിയവരെല്ലാം കാല്പന്ത് പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയവരാണ്. അതിൽ അർജന്റീനയുടെ മറഡോണയും, മെസ്സിയും, പെലെയുടെ പിന്മുറക്കാരനായ നെയ്മറും, ഫ്രാൻസ് താരം എംബാപെയുമൊക്കെ ഉൾപ്പെടും.

കാല്പന്തിലേക്കുള്ള ചുവടുവയ്പ്പുകൾ

1957- ൽ സാന്റോസ് ക്ലബ്ബിനു വേണ്ടിയാണ് ആദ്യമായി പെലെ ബൂട്ടണിയുന്നത്. എതിരാളികളെ മറികടക്കാൻ തന്റെ സ്വതസിദ്ധ ശൈലിയായ ഡ്രിബ്ലിംഗ് കഴിവുകളിലൂടെ ശ്രദ്ധേയനായ പെലെ, തന്റെ പതിനാറാം വയസിലാണ് ബ്രസീൽ ദേശീയ ടീമിൽ ഇടം പിടിച്ചത്. ഗോളുകൾ വാരിക്കൂട്ടിയ താരം 1958- ലെ ഫിഫ ലോകകപ്പ് ഫൈനലിൽ മിന്നുംപ്രകടനം നടത്തി. എതിരാളികളായ സ്വീഡനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. അതിൽ രണ്ട് ഗോളുകൾ പെലെയുടെ ബൂട്ടുകളിൽ നിന്നും പിറന്നതായിരുന്നു.

പെലെ എന്ന താരത്തെ എതിരാളികൾ മൈതാനത്ത് ഭയപ്പെട്ടിരുന്നു എന്നുതന്നെ പറയാം. ഇത് സാധൂകരിക്കുന്നതാണ് 1966- ലെ ലോകകപ്പിൽ എതിർടീമിൽ കളിച്ചവർ പെലെയെ ശാരീരികമായി ഒതുക്കാൻ നടത്തിയ ശ്രമങ്ങൾ. എന്നാൽ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പോരാട്ടമായിരുന്നു അവിടെയും അദ്ദേഹം കാഴ്ചവച്ചത്.

ആദ്യ രണ്ട് ലോകകപ്പിലൂടെ യഥാർത്ഥത്തിൽ ലോകം ഈ പത്താം നമ്പർ താരത്തിന്റെ ആരാധകരാവുകയായിരുന്നു. വൻ തുക വാഗ്ദാനം ചെയ്ത് പല രാജ്യങ്ങളും പെലെയ്ക്ക് വില പറഞ്ഞ്‌
എത്തിയെങ്കിലും മാതൃരാജ്യത്തെ വിട്ടൊരു കളിക്ക് ആ താരം തയ്യാറായിരുന്നില്ല. 1970- ൽ തന്റെ നാലാമത്തെയും അവസാനത്തെയും ലോകകപ്പ് മത്സരത്തിൽ പെലെയുടെ കരുത്തിൽ ബ്രസീൽ 4-1 നാണ്‌ ഇറ്റലിയെ തോല്പിച്ച് വീണ്ടും ലോകചാമ്പ്യൻമാരായത്.

1363 മത്സരങ്ങളിലായി 1281 ഗോൾ നേടിയ അദ്ദേഹം ലോക റെക്കോർഡ് തന്നെയാണ് സൃഷ്ടിച്ചത്. 1971 ജൂലൈ 18- ന് ഒന്നാംകിട ഫുട്ബോൾ മത്സരത്തോട് വിടപറഞ്ഞ അദ്ദേഹം സാമൂഹികസേവനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിന് നടത്തുന്ന പ്രദർശന മത്സരങ്ങളിലും മറ്റും കളിച്ചുകൊണ്ട് കർമ്മനിരതനാവുകയായിരുന്നു.

ബ്രസീൽ ഫുട്ബോളിലെ നേട്ടങ്ങൾക്കും ദരിദ്രരുടെ സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന നയങ്ങളിൽ തുറന്ന പിന്തുണക്കും പെലെയെ ഒരു ദേശീയനായകനായി കാല്പന്ത് ലോകം വാഴ്ത്തിപ്പാടി. അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തി ബ്രസീൽ ഭരണകൂടം ‘രാജ്യത്തിന്റെ നിധി’ യായിട്ടാണ് വിശേഷിപ്പിച്ചത്. പെലെയുടെ വേർപാടിൽ കാല്പന്ത് ലോകം കണ്ണീരണിയുമ്പോൾ ഒരു രാജ്യത്തിന്റെ നിധി മാത്രമല്ല, ലോകം മുഴുവനുമുള്ള ഫുട്‌ബോൾ പ്രേമികളുടെ നിധിയാണ് വിടവാങ്ങുന്നത് എന്ന് പറയാതെവയ്യ. ലോകം ആദരിക്കുന്ന ഇതിഹാസതാരത്തിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം!

Latest News