Friday, January 31, 2025

രൂപമാറ്റം വരുത്തിയ എല്ലാ വാഹനങ്ങളെയും നിയമ വരുതിയിൽ കൊണ്ടുവരാൻ ഒരുങ്ങി മോട്ടോർവാഹന വകുപ്പ്

5000-ൽനിന്ന് 10,000 ആക്കി ഉയർത്തിയ പിഴ രൂപമാറ്റം വരുത്തിയ എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്ന് വ്യക്തമാക്കി മോട്ടോർവാഹന വകുപ്പ്. വാഹനങ്ങളിൽ വരുത്തുന്ന ഓരോ മാറ്റവും വ്യത്യസ്ത കേസുകളായി പരിഗണിച്ച് ഓരോന്നിനും 10,000 രൂപ വീതം പിഴ ഈടാക്കും എന്നും എംവിഡി അറിയിച്ചു.

വടക്കാഞ്ചേരിയിൽ അതിവേഗത്തിൽപോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ച് ഒമ്പതുപേർ മരിച്ചതിനെ തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാനാണ് പിഴ ഉയർത്തിയത്. 2019-ലെ കേന്ദ്ര മോട്ടോർ വാഹനനിയമ ഭേദഗതിയിലാണ് രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയായി ഉയർത്തിയത്. എന്നാൽ പിഴ കൂടുതലാണെന്ന അഭിപ്രായമുയർന്നതിനെതുടർന്ന് പലതും സംസ്ഥാന സർക്കാർ പകുതിയാക്കിയിരുന്നു. രൂപമാറ്റത്തിന് 5000 രൂപയേ ഈടാക്കിയിരുന്നുള്ളൂ.

നിയമലംഘനങ്ങളും രൂപമാറ്റവും നിയന്ത്രണാതീതമായതോടെ കേന്ദ്രസർക്കാർ നിശ്ചയിച്ച 10,000 രൂപ പിഴ ഈടാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. ഇതുസംബന്ധിച്ച ചട്ടഭേദഗതി അന്തിമഘട്ടത്തിലാണ്. ടൂറിസ്റ്റ് ബസുകളിലെ ക്രമക്കേടുകൾ തടയാൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ ഫോക്കസ് പരിശോധന ഞായറാഴ്ച സമാപിച്ചെങ്കിലും പരിശോധന തുടരും. രൂപമാറ്റം വരുത്തിയ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്‌ക്കെതിരേ തുടർന്നും നടപടിയുണ്ടാകും. ഇരുചക്രവാഹനങ്ങളിൽ ഹാൻഡിൽ, ടയർ, സൈലൻസർ എന്നിവയിൽ മാറ്റംവരുത്തുന്നതും പിഴയ്ക്ക് കാരണമാകും.

Latest News