ലക്ഷകണക്കിന് കേസുകളാണ് ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയില്‍ മാത്രം തീര്‍പ്പാകാതെയുള്ള കേസുകളുടെ എണ്ണം 83,000 കടന്നുവെന്നാണ് പുതിയ കണക്കുകള്‍. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. ഇതിന് പുറമെയാണ് ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍.
2016ല്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ടി എസ് താക്കൂര്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ജോലി ഭാരവും കേസുകളുടെ വര്‍ധനയും ചൂണ്ടിക്കാട്ടി വികാരാധീനനായിരുന്നു. ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തിയെങ്കിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അത് ഗുണം ചെയ്തില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ എന്തെങ്കിലും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യവഹാരങ്ങള്‍ നീണ്ടുപോകുന്നതില്‍ ജഡ്ജിമാരുടെ കുറവാണ് ഒരു പ്രധാന കാരണം. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും ജഡ്ജിമാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തപ്പെടുന്നില്ല. കേസുകള്‍ വ്യക്തമായ കാരണങ്ങളില്ലാതെ മാറ്റിവെയ്ക്കുന്നതാണ് മറ്റൊന്ന്. ആവശ്യത്തിനും അനാവശ്യത്തിനും അഭിഭാഷകര്‍ അഡ്‌ജേണ്‍മെന്റ് ആവശ്യപ്പെടുന്നു. ഇതിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതികളുമെല്ലാം രംഗത്തെത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല.