യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ മലയാളി മേയറായി വീണ്ടും വിജയിച്ചു. മിസോറി സിറ്റി മേയറായ മലയാളിയായ റോബിന്‍ ഇലക്കാട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് റോബിന്‍ മിസോറിയിലെ മേയറാകുന്നത്.
കോട്ടയം ജില്ലയിലെ കുറുമള്ളുര്‍ സ്വദേശിയായ റോബിന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് യു.എസിലേക്ക് കുടിയേറിയത്. ആരോഗ്യമേഖലയില്‍ ജോലി ചെയ്തതിന് ശേഷം 2009, 2011, 2013 വര്‍ഷങ്ങളില്‍ കൗണ്‍സില്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്ന റോബിന്‍ 2020 ല്‍ മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മേയറായുള്ള റോബിന്‍റെ മികച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ വീണ്ടും മേയര്‍ സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
അതേസമയം, മെറിലാന്‍ഡില്‍ പ്രഥമ ഇന്തോ- അമേരിക്കന്‍ ലെഫ്റ്റന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ അരുണ മില്ലര്‍ തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ അരുണ തെരഞ്ഞെടുക്കപ്പെട്ടത്. ലെഫ്റ്റനറ്റ് ഗവര്‍ണര്‍ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് അരുണ മില്ലര്‍.
എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ യു എസ് പ്രസിഡൻ്റ് ജോ ബൈഡന്‍റെ നേതൃത്വത്തിലുളള ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി നേരിട്ടതായാണ് ഫലസൂചനകള്‍. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നതായാണ് വിവരം.