Sunday, November 24, 2024

നൂതന സാങ്കേതിക വിദ്യയില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ സാങ്കേതികവിദ്യയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇവ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വളരെ ഉപയോഗപ്രദമാണെന്നും അതെ സമയം ദുരുപയോഗം ചെയ്താല്‍ അത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ജനറേറ്റീവ് എഐ -യുടെ സഹായത്തോടെ നിര്‍മ്മിച്ച വീഡിയോകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ സൂക്ഷ്മതയോടെ സൃഷ്ടിക്കുന്ന വീഡിയോകള്‍ യഥാര്‍ത്ഥമായി കാണപ്പെടുമെന്നും അതിനാല്‍, ഒരു വീഡിയോയുടെയോ ചിത്രത്തിന്റെയോ ആധികാരികത വിശ്വസിക്കുന്നതിന് മുമ്പ് ശ്രദ്ധാലുവായിരിക്കണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. എഐയുടെ ആഗോള ചട്ടക്കൂടിന് ഇന്ത്യ ഊന്നല്‍ നല്‍കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രശ്മിക മന്ദാനയും കജോളും ഉള്‍പ്പെടെ നിരവധി ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം. മലയാളത്തില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും എഐ ഫേക്ക് വീഡിയോകള്‍ വലിയ പ്രചാരം നേടിയിരുന്നു. ഒരു വ്യക്തിക്ക് സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്ത് ആരെയും ആള്‍മാറാട്ടം നടത്താനും എന്തും പറയാനും അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നടന്നുവെന്ന് സമര്‍ഥിക്കാനും കഴിയുന്ന എഐ യുടെ സാദ്ധ്യതകള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

 

Latest News